സിപിഎം-ബിജെപി ഒത്തുതീർപ്പില്ലെങ്കില്‍ ജലീൽ അഴിയെണ്ണും ; കോട്ടക്കലിൽ മത്സരിക്കാൻ വെല്ലുവിളിക്കുന്നു: പി.കെ.ഫിറോസ്

Jaihind News Bureau
Thursday, September 24, 2020

KT-Jaleel-PK-Firoz

 

മലപ്പുറം: സ്വർണ്ണക്കടത്ത് കേസിൽ സിപിഎം – ബിജെപി ഒത്തുതീർപ്പുണ്ടായില്ലെങ്കിൽ മന്ത്രി കെ.ടി.ജലീൽ അഴിയെണ്ണേണ്ടി വരുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ വളാഞ്ചേരിയിലെ വീട്ടിലേക്ക് യൂത്ത് ലീഗ്  നടത്തിയ മാർച്ചിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സമരം ചെയ്യേണ്ടിവന്നതിൽ ഖേദമുണ്ട്. എന്നാൽ സർക്കാർ സമരം ക്ഷണിച്ചുവരുത്തിയാൽ നോക്കിനിൽക്കാനാവില്ലെന്നും ഫിറോസ് പറഞ്ഞു.

ബന്ധുനിയമനത്തെക്കുറിച്ച് ചോദിച്ചാലും മാർക്ക്ദാനത്തെ കുറിച്ച് ചോദിച്ചാലും അഴിമതിയെക്കുറിച്ച് ചോദിച്ചാലും മന്ത്രി പറയുന്നത് 2006ൽ കുറ്റിപ്പുറത്ത് ലീഗിനെ തോൽപിച്ചില്ലേ എന്നാണ്. സ്വർണ്ണക്കടത്തിനെക്കുരിച്ച് ചോദിച്ചാൽ എന്‍റെ മക്കൾക്ക് ഒരു തരി സ്വർണ്ണമില്ലെന്നാണ് മറുപടി. കെ.ടി.ജലീലിനോട് മുസ്ലീം ലീഗിന് പകയില്ല. ജലീലിന്‍റെ മുനിസിപ്പൽ വാർഡ് ഉൾപ്പെടെ ലീഗാണ് ജയിച്ചിട്ടുള്ളത്. ധൈര്യമുണ്ടെങ്കിൽ കോട്ടക്കലിൽ മത്സരിക്കാൻ  ജലീലിനെ വെല്ലുവിളിക്കുന്നുവെന്നും ഫിറോസ് പറഞ്ഞു.