ജലീലിനെ സംരക്ഷിക്കുന്നതിൽ എല്‍ഡിഎഫിനുള്ളില്‍ അതൃപ്തി ; മുന്നണിക്ക് ബാധ്യതയാകുമെന്ന് സിപിഐ വിലയിരുത്തല്‍

Jaihind News Bureau
Sunday, September 13, 2020

 

തിരുവനന്തപുരം: മന്ത്രി കെ. ടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയൻ വഴിവിട്ട് സംരക്ഷിക്കുന്നതിൽ എല്‍ഡിഎഫിനുള്ളില്‍ കടുത്ത അതൃപ്തി. മന്ത്രിയെ ഇനി സംരക്ഷിക്കുന്നത് മുന്നണിക്ക് ബാധ്യതയാകുമെന്നാണ് സിപിഐ വിലയിരുത്തല്‍. മുന്‍പ് ഇഎംഎസ് കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്ന് പറഞ്ഞത് മന്ത്രിസഭയെ ആണെങ്കിൽ ഇന്ന് പിണറായി വിജയനും കൂട്ടർക്കും മന്ത്രിസഭയിലെ അഴിമതിക്കാരെ സംരക്ഷിക്കണം എന്നതായി മാറി.  കഴിഞ്ഞ നാലര വർഷവും പാർട്ടിയെ പ്രതിരോധത്തിലാക്കിയ നിരവധി വിഷയങ്ങളിൽ മന്ത്രി ജലീൽ പ്രതിസ്ഥാനത്തായിരുന്നു. ബന്ധുനിയമന വിവാദവും ഗവർണർ പോലും അതൃപ്തി പ്രകടിപ്പിച്ച മാർക്ക് ദാനവിവാദവും മുതൽ ഏറ്റവും ഒടുവിൽ രാജ്യദ്രോഹ കുറ്റമടക്കം ആരോപിക്കപ്പെടുന്ന കേസിൽ കേന്ദ്ര അന്വേഷണ ഏജൻസി തന്നെ ചോദ്യം ചെയ്തിട്ടും ജലീലിനെ മുഖ്യമന്ത്രി ഉൾപ്പെടുന്ന കണ്ണൂർ ലോബിയാണ് സംരക്ഷിക്കുന്നത് എന്നാണ് ഘടകകക്ഷികളുടെ ആരോപണം.

ബന്ധുനിയമന വിവാദത്തിൽ കെ.ടി ജലീലിനെ പിന്തുണക്കുന്ന കാര്യത്തിൽ ആരോപണങ്ങൾ ശക്തമായപ്പോൾ മുഖ്യമന്ത്രിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിരുന്നില്ല. എന്നാൽ ഇതേ വിഷയത്തിൽ തന്നെ പാർട്ടിയിലെ മുതിർന്ന നേതാവായ ജയരാജന് നേരെ ധാർമ്മികതയുടെ പേരിൽ കടുത്ത നടപടി എടുക്കുകയും ചെയ്തു. ചോദ്യം ചെയ്തത് കൊണ്ട് മാത്രം മന്ത്രി കുറ്റക്കാരനാകില്ല എന്നാണ് സിപിഎമ്മിന്‍റെ വാദം. പക്ഷേ ഇത് ഘടകകക്ഷികൾക്ക് ബോധ്യപ്പെട്ടിട്ടില്ല. നേരത്തെ ധാർമ്മികതയുടെ പേരിൽ രാജിവെച്ച മൂന്ന് മന്ത്രിമാർക്കും ഇല്ലാത്ത എന്ത് യോഗ്യതയാണ് കെ.ടി ജലീലിന് ഉള്ളത് എന്ന് ഘടകകക്ഷികളും ചോദിക്കുന്നതോടെ ജലീലിന്‍റെ രാജി ഇനി അധികം വൈകിപ്പിക്കാനാകില്ല എന്ന് മുഖ്യമന്ത്രിയും കണ്ണൂർ ലോബിയും തിരിച്ചറിയുകയാണ്.

സ്വജനപക്ഷപാതത്തിനും അഴിമതിക്കാരെയും പാർട്ടി ഗുണ്ടകളെയും സംരക്ഷിക്കാനും സർക്കാർ ഖജനാവ് കാലിയാക്കി ധൂർത്തടിച്ച് മുന്നോട്ടു പോകുന്ന പിണറായി ഭരണം രാജ്യത്ത് തന്നെ ഇടതുപക്ഷത്തിന്‍റെ അവസാന ആണിക്കല്ലും അടിക്കുമെന്നാണ് ഘടകക്ഷികൾ പോലും ഭയക്കുന്നത്. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ശിവശങ്കറിന് പിന്നാലെ ജലീലും ബീനിഷ് കോടിയേരിയും കൂടി ചോദ്യം ചെയ്യപ്പെട്ടതോടെ കോടികൾ ചെലവഴിച്ച് നടത്തുന്ന പി ആർ പ്രവർത്തനങ്ങൾ എല്ലാം വെറും പാഴ് വേലകൾ ആകുമെന്ന് സിപിഐ മുന്നണിക്കുള്ളിൽ തുറന്ന് പറഞ്ഞ് കഴിഞ്ഞു. പരസ്യപ്രതികരണത്തിന് തയ്യാറല്ലെങ്കിൽ പോലും പരാജയപ്പെട്ട മുഖ്യമന്ത്രി എന്ന നിലയിൽ അവസാന ഘട്ടത്തിൽ പിണറായി വിജയനെ മാറ്റി നിർത്തുന്നതടക്കം ബദലുകളും ചർച്ചയാകുന്നുണ്ട്.