ദേവികയുടെ ആത്മഹത്യ: വിവിധയിടങ്ങളില്‍ കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; സംഘര്‍ഷം

Jaihind News Bureau
Tuesday, June 2, 2020

 

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിവിധയിടങ്ങളില്‍ കെഎസ് യു,യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കൊല്ലം ഡിഡിഇ ഓഫീസിലേക്ക്‌ കെഎസ്‌യു പ്രവര്‍ത്തകര്‍ തള്ളിക്കയറി. കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. കണ്ണൂർ ഡി.ഡി.ഇ ഓഫീസിലേക്ക് കെ.എസ്‌.യു പ്രവർത്തകർ തള്ളിക്കയറി. മലപ്പുറത്ത് കെഎസ് യു,യൂത്ത് കോണ്‍ഗ്രസ്  പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം, ഡിഡിഇ ഓഫിസും, കളക്ടറേറ്റും ഉപരോധിച്ചു. ആലപ്പുഴയില്‍ പ്രവര്‍ത്തകര്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു.

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാകാത്തതില്‍ മനംനൊന്ത് കഴിഞ്ഞദിവസമാണ് ദേവിക ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ ദേവികയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെ ആള്‍പ്പാർപ്പില്ലാത്ത അടുത്തുള്ള വീടിന്‍റെ മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അതേസമയം അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കാതെ തിടുക്കപ്പെട്ട് സർക്കാര്‍ നടപ്പിലാക്കിയ ഓണ്‍ലൈന്‍ ക്ലാസിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലെയും മലയോര മേഖലകളിലെയും തീരദേശങ്ങളിലേയും കുട്ടികളില്‍ നല്ലൊരു വിഭാഗത്തിനും ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രയോജനപ്പെടില്ല. ആദിവാസി മേഖല, മത്സ്യത്തൊഴിലാളി മേഖല തുടങ്ങിയ അടിസ്ഥാന വിഭാഗങ്ങളില്‍ പല വീടുകളിലും ടെലിവിഷന്‍ സൗകര്യമില്ല. സ്മാര്‍ട്ട് ഫോണും ഇന്‍റര്‍നെറ്റ് സൗകര്യവും ടി.വി സൗകര്യവുമില്ലാത്തവര്‍ക്ക് ക്ലാസുകള്‍ പ്രയോജനപ്പെട്ടിട്ടില്ല. ഇക്കാര്യം പ്രതിപക്ഷം സർക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.