സംസ്ഥാനത്ത് കെ.എസ്.യു പ്രതിഷേധം ശക്തം: കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലറെ ഉപരോധിച്ചു; സംഘര്‍ഷം; നിരവധി കെ.എസ്.യു പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ അനിഷ്ട സംഭവങ്ങളിലും എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയത്തിനും കേരള സര്‍വ്വകലാശാലയുടെ വീഴ്ച്ചയിലും സംസ്ഥാനമൊട്ടാകെ കെ.എസ്.യുവിന്റെ പ്രതിഷേധം ശക്തം. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് കെ.എസ്.യു പ്രവര്‍ത്തകര്‍ കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലറെ ഉപരോധിച്ചു. പരീക്ഷ ഉത്തരക്കടലാസുകളും ഔദ്യോഗിക സീലും എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയതും കോളേജ് യൂണിറ്റ് റൂമില്‍ സര്‍വ്വകലാശാല രേഖകള്‍ കണ്ടെത്തിയതിനെക്കുറിച്ചും അന്വേഷണം നടത്തുക, വീഴ്ച്ചവരുത്തിയ വൈസ് ചാന്‍സലര്‍ രാജിവെയ്ക്കുക, യൂണിവേഴ്‌സിറ്റി കോളേജിലെ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ വൈസ് ചാന്‍സലറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് കെ.എസ്.യുവിന്റെ ഉപരോധ സമരം നടന്നത്. സര്‍വ്വകലാശാലയുടെ മുകളില്‍ കയറിയും ഓഫീസിന്റെ മുന്നിലുമായാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. തുടര്‍ന്ന് പോലീസ് എത്തി പ്രവര്‍ത്തകരെ ക്രൂരമായി കൈയേറ്റം ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്‌നേഹയുടെ നേതൃത്വത്തിലെ സംഘമാണ് വി.സിയുടെ ചേംബറിന് മുന്നില്‍ പ്രതിഷേധിച്ചത്.
അതേസമയം പരീക്ഷ തട്ടിപ്പ് നടത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരെയും അവര്‍ക്ക് കൂട്ടുനിന്ന കോളേജ് അധികൃതരെയും സംരക്ഷിക്കുന്ന നിലപാടാണ് കേരള സര്‍വ്വകലാശാല അധികൃതര്‍ സ്വീകരിക്കുന്നതെന്ന് കെ.എസ്.യു ആരോപിച്ചു.
എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയത്തിനും യൂണിവേഴ്‌സിറ്റി കോളേജിലെ അനിഷ്ഠ സംഭവങ്ങളെക്കുറിച്ചും ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം. അഭിജിത്തിന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം തുടരുകയാണ്. അതേസമയാണ് കേരള സര്‍വ്വകലാശയിലും കെ.എസ്.യുവിന്റെ പ്രതിഷേധം അരങ്ങേറിയത്.

Comments (0)
Add Comment