കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി കെഎസ് യു

Jaihind News Bureau
Tuesday, February 11, 2020

K.M-Abhijith

ഭരണഘടനയെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ ശ്രമത്തിനെതിരെ കെ.എസ്.യുവിന്‍റെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുന്നു. കൊടിയടയാളം എന്ന പേരിൽ ഇന്ന് കോഴിക്കോട് നടക്കുന്ന മേഖല റാലിയിൽ ആയിരങ്ങൾ പങ്കെടുക്കും. നിരവധി സംസ്ഥാന ദേശീയ നേതാക്കൾ ഐക്യദാർഢ്യവുമായി റാലിയിൽ പങ്കെടുക്കും.

പൗരത്വ നിയമ ഭേദഗതിക്കെതിരെയും ഭരണഘടനയെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ ബോധപൂർവമായ ശ്രമത്തിനെതിരെയും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംസ്ഥാനത്തു പ്രതിഷേധം കൂടുതൽ ശക്തമാക്കുകയാണ്. മൂന്നു മേഖല റാലികൾ ഇതിന്‍റെ ഭാഗമായി നടക്കും. കോഴിക്കോട് – എറണാകുളം – തിരുവനന്തപുരം എന്നിവിടങ്ങളിൽ നടക്കുന്ന റാലിയിൽ ആദ്യത്തെ മേഖല റാലി കോഴിക്കോട് ആണ് നടക്കുന്നത് എന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ്‌ കെ.എം അഭിജിത് വ്യക്തമാക്കി.

ഇന്ന് വൈകിയിട്ടു കോഴിക്കോട് നടക്കുന്ന മേഖല റാലിയിൽ വിവിധ ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ അണിനിരക്കും. എൻ.എസ്.യു.ഐ അഖിലേന്ത്യാ പ്രസിഡന്‍റ്‌ നീരജ് കുന്ദൻ ഉൾപ്പെടെ നിരവധി നേതാക്കൾ പ്രതിഷേധ സംഗമത്തിന്‍റെ ഭാഗമാകും. ഫെബ്രുവരി 19-നു തിരുവനന്തപുരത്തു നടക്കുന്ന റാലി എ.കെ ആന്‍റണിയും 26-നു എറണാകുളത്തു നടക്കുന്ന റാലി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്നും കെ.എം അഭിജിത് വ്യക്തമാക്കി.