പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മലപ്പുറത്ത് കെഎസ്‌യു പ്രവർത്തകരുടെ മാർച്ചില്‍ സംഘർഷം, അറസ്റ്റ് ചെയ്ത് പോലീസ്

Jaihind Webdesk
Thursday, June 20, 2024

 

മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി വിഷയത്തിൽ മലപ്പുറത്ത് കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ചില്‍ സംഘർഷം. പ്രവർത്തകർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്ക് തള്ളിക്കയറുകയും, ഉപരോധിക്കുകയും ചെയ്തു. തുടർന്ന് പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. എംഎസ്എഫ് പ്രവർത്തകർ ആർഡിഡി ഓഫീസ് പൂട്ടി പ്രതിഷേധിച്ചു.

പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്‍റ് കഴിഞ്ഞപ്പോൾ മലപ്പുറം ജില്ലയിൽ അപേക്ഷ നൽകിയ 32,366 കുട്ടികൾക്ക് സീറ്റില്ല. ഇനി 44 മെറിറ്റ് സീറ്റുകൾ മാത്രമാണ് ഒഴിവുള്ളത്. ബാക്കി വിദ്യാർത്ഥികൾ പണം നൽകി പഠിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് കെഎസ്‌യു ഡിഡിഇ ഓഫീസിലേക്ക് തള്ളിക്കയറിയതും ഉപരോധിച്ചതും. പതിനഞ്ചോളം കെഎസ്‌യു പ്രവർത്തകർ മാത്രമാണ് സമരത്തിലുണ്ടായിരുന്നത്. എന്നാൽ നൂറുകണക്കിന് പോലീസുകാർ ഡിഡിഇ ഓഫീസിന് സംരക്ഷണം ഒരുക്കിയിരുന്നു. പ്രതിഷേധിച്ച കെഎസ്‌യു വിദ്യാർത്ഥികളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാൻ പോലീസ് ശ്രമിച്ചത് നേരിയ സംഘർഷത്തിന് ഇടയാക്കി.

എല്ലാ ദിവസവും ഡിഡിഇ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ ഓഫീസുകളിലേക്ക് പ്രതിഷേധം സംഘടിപ്പിക്കാനാണ് കെഎസ്‌യു തീരുമാനം. അതിനിടെ രാവിലെ എംഎസ്എഫ് പ്രവർത്തകർ ആർഡിഡി ഓഫീസ് പൂട്ടി പ്രതിഷേധിച്ചു. തുടർന്ന് ബലം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ നീക്കിയത്. ജില്ലയിൽ പ്ലസ്‍വണിന് ആകെ അപേക്ഷിച്ച വിദ്യാർത്ഥികൾ 82,446 ആണ്. 50,086 മെറിറ്റ് സീറ്റുകളാണ് ഉള്ളത്. ഇതിൽ 50,036 സീറ്റുകളിൽ വിദ്യാർത്ഥികൾ അഡ്മിഷൻ എടുത്തു കഴിഞ്ഞു. അതായത് ഇനി ബാക്കിയുള്ളത് വെറും 44 സീറ്റുകൾ മാത്രം. അപേക്ഷ നൽകിയ 32,366 പേർക്ക് മലപ്പുറം ജില്ലയിൽ പ്രവേശനം ലഭിച്ചിട്ടില്ല. പുതിയ ബാച്ചുകൾ വന്നില്ലെങ്കിൽ ഈ കുട്ടികളെല്ലാം പണം നൽകി പഠിക്കേണ്ടി വരും. സീറ്റ് വർധനവ് അല്ല പുതിയ 225 ഓളം ബാച്ചുകൾ ആരംഭിച്ചാൽ മാത്രമേ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമാകൂ എന്ന് വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെടുന്നു.