കണ്ണൂർ: കണ്ണൂര്‍ സർവകലാശാലയിൽ കെഎസ്‌യു പ്രതിഷേധം. പരീക്ഷയിൽ ക്രമക്കേട് നടത്തിയ എസ്എഫ്ഐ പ്രവർത്തകന് എതിരായ നടപടിയിൽ ഇളവ് നൽകിയതിലാണ് പ്രതിഷേധം. പ്രവർത്തകർ സർവകലാശാല ആസ്ഥാനം ഉപരോധിക്കുന്നു.
പരീക്ഷാ ക്രമക്കേട് കാട്ടിയ എസ്എഫ്ഐ പ്രവർത്തകന്‍റെ ശിക്ഷ റദ്ദാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് കെഎസ്‌യു സർവകലാശാല ആസ്ഥാനം ഉപരോധിച്ചത്. ശിക്ഷാ ഇളവ് നൽകാനുള്ള സിൻഡിക്കേറ്റ് ഉപസമിതിയുടെ ശുപാർശയ്ക്ക് എതിരെ പ്രതിഷേധവുമായെത്തിയ കെഎസ്‌യു പ്രവർത്തകർ സർവകലാശാല ആസ്ഥാനം ഉപരോധിക്കുകയായിരുന്നു.
പോലീസ് എത്തി ബലം പ്രയോഗിച്ച് പ്രവർത്തകരെ നീക്കം ചെയ്യാൻ ശ്രമിച്ചത് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്ത് നീക്കം ചെയ്യാൻ ശ്രമിച്ചത് ബഹളത്തിന് ഇടയാക്കി. ഒരു മണിക്കൂറോളം ഉപരോധസമരം തുടർന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് വിസി ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിച്ചത്.