‘പ്രതിയുമായി ചേർത്തുവെച്ച് അപമാനിക്കുവാൻ ആണെങ്കിൽ അത് സമ്മതിച്ച് തരില്ല ‘ : സഖാക്കള്‍ ‘സരിത്ത് ‘ ആക്കിയ സച്ചിന്‍ മാത്യു ; പ്രചാരണം കുരുക്കായതോടെ പോസ്റ്റ് മുക്കി ഇടത് സൈബര്‍ പോരാളികള്‍

Jaihind News Bureau
Tuesday, July 7, 2020

സ്വര്‍ണ കള്ളക്കടത്ത് വിവാദത്തില്‍ അകപ്പെട്ട മുഖ്യമന്ത്രിയെയും സര്‍ക്കാരിനേയും പ്രതിരോധിക്കാന്‍ നടത്തിയ ശ്രമം ‘ചെറുതായി ഒന്നു പാളി’യപ്പോള്‍ പുലിവാല് പിടിച്ചിരിക്കുകയാണ് ചില ഇടത് സൈബര്‍ പോരാളികള്‍. മുഖ്യപ്രതി സരിത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടൊപ്പം എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പോസ്റ്റുകള്‍ക്കെതിരെയാണ് പരാതി. കെഎസ് യു കോട്ടയം ജില്ലാ സെക്രട്ടറി സച്ചിന്‍മാത്യുവിനെയാണ് ഇടത് സൈബര്‍ പോരാളികള്‍ സരിത്താക്കിയത്.   സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയവരുടെ വിവരങ്ങളും തെളിവുകളും അടക്കമാണ് സച്ചിന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

കഴിഞ്ഞ ദിവസം വിവാഹിതനായ സച്ചിനെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിവാഹത്തലേന്ന് സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രമാണ് സൈബർ സഖാക്കള്‍ സരിത്തിന്‍റേത് എന്ന പേരില്‍ പ്രചരിപ്പിച്ചത്. അബദ്ധം മനസ്സിലാക്കി പല പോരാളികളും പോസ്റ്റ് മുക്കിയെങ്കിലും കുടത്തില്‍ നിന്ന് പുറത്ത് ചാടിയ ഭൂതം പോലെ കറങ്ങി നടക്കുകയാണ് സച്ചിന്‍റെ ചിത്രം.

മുഖ്യന്‍റെ ഓഫീസിന് നേരിട്ട് ബന്ധമുണ്ടെന്ന് പല കോണുകളില്‍നിന്നും ആരോപണം ഉയര്‍ന്നിരിക്കുന്ന ഒരു സ്വര്‍ണക്കടത്ത് കേസില്‍ തന്റെ വിവാഹഫോട്ടോ വലിച്ചിട്ടത് ഉമ്മന്‍ചാണ്ടി സാറിനെ പ്രതിയുമായി ചേര്‍ത്തുവെച്ച് അപമാനിക്കുവാന്‍ ആണെങ്കില്‍ അത് സമ്മതിച്ച് തരില്ലെന്ന് സച്ചിന്‍ മാത്യു പറയുന്നു.

സച്ചിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം വായിക്കാം :

ഇന്നലെ (06.07.2020 തിങ്കളാഴ്ച) എന്റെ ഇടവകപ്പള്ളിയിൽവച്ച് ഞാൻ വിവാഹിതനായി. ഇന്നലെ നാട്ടിലുണ്ടായിരിയ്ക്കില്ല എന്നതിനാൽ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി സാർ വിവാഹത്തലേന്ന് (05.07.2020) കുടുംബത്തോടൊപ്പം എന്റെ വീട് സന്ദർശിക്കുകയുണ്ടായി. അന്നേ ദിവസം എടുത്ത ഫോട്ടോകൾ ഞാൻ തന്നെ എന്റെ ഫേസ്ബുക് പ്രൊഫൈലിൽ പോസ്റ്റ് ചെയ്തിരുന്നു.
https://m.facebook.com/story.php?story_fbid=3094776660613649&id=100002440375738
എന്നാൽ ഇന്ന് രാവിലെ സുഹൃത്തുക്കൾ വിളിച്ചപ്പോളാണ് അറിഞ്ഞത് സഖാക്കന്മാർ എന്റെ പേര് സരിത്ത് എന്നാക്കി മാറ്റി എന്നത്. മുഖ്യന്റെ ഓഫീസിന് നേരിട്ട് ബന്ധമുണ്ടെന്ന് പല കോണുകളിൽനിന്നും ആരോപണം ഉയർന്നിരിക്കുന്ന ഒരു സ്വർണക്കടത്ത് കേസിൽ എന്റെ വിവാഹഫോട്ടോ വലിച്ചിട്ടത് ഉമ്മൻ‌ചാണ്ടി സാറിനെ പ്രതിയുമായി ചേർത്തുവെച്ച് അപമാനിക്കുവാൻ ആണെങ്കിൽ അത് സമ്മതിച്ച് തരില്ല സഖാക്കളേ. ഏതായാലും എന്നോടുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ എന്റെ പ്രൊഫൈലിൽ നിന്ന് ഫോട്ടോ പൊക്കിയ സഖാവിനും നന്ദി. രാഷ്ട്രീയ എതിരാളികളെ അപമാനിക്കുവാൻ ഏത് വഴിയും സ്വീകരിക്കുന്നവരാണ് നിങ്ങളെന്നു വീണ്ടും തെളിയിച്ചതിന്. കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി കോട്ടയം ജില്ലയിൽ യൂത്ത് കോൺഗ്രസിനും KSU വിനും വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ നിങ്ങൾ ഇനിയും എന്റെ ഫോട്ടോ പ്രചരിപ്പിക്കേണ്ടി വരും. കാരണം ഇതുകൊണ്ടൊന്നും ഏറ്റെടുത്തിട്ടുള്ള ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ ഞാൻ തയ്യാറല്ല. ഞാൻ കണ്ട് വളർന്നത്, പിന്തുടരുന്നത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയാണ്. ഒരു മുന്നണി മുഴുവനായി ആ മനുഷ്യന്റെ ചോരയ്ക്കായി നിലവിളിച്ചിട്ടും തളരാത്ത എന്റെ നേതാവ്. അദ്ദേഹത്ത കണ്ട് വളർന്ന എന്നെ തളർത്താൻ ഇതൊന്നും പോരാതെവരും. നിങ്ങൾ നിങ്ങളുടെ നിലവാരം കാണിച്ചുകൊള്ളുക. ഞാൻ എന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് തന്നെ പോകും.
ഏതായാലും ഇതിനെ നിയമപരമായി നേരിടുവാനാണ് തീരുമാനം. ബാക്കി ഇനി കോടതി തീരുമാനിക്കട്ടെ.