
കണ്ണൂർ: കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന ‘ജെൻ സി കണക്ട്’ യാത്രയ്ക്ക് കണ്ണൂരിൽ ആവേശോജ്ജ്വലമായ സ്വീകരണം. കണ്ണൂർ ടൗൺ സ്ക്വയറിൽ നടന്ന സ്വീകരണ ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ജെൻ സി മീറ്റ്-അപ്പ്’ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രശസ്ത തിരക്കഥാകൃത്തുമായ വിനോയ് തോമസ് ഉദ്ഘാടനം ചെയ്തു.
യുവാക്കൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ആവശ്യമായ ഇടങ്ങൾ കേരളത്തിൽ സൃഷ്ടിക്കാൻ സർക്കാർ തയ്യാറാകണമെന്ന് വിനോയ് തോമസ് അഭിപ്രായപ്പെട്ടു. നിലവിലെ വിദ്യാഭ്യാസ മേഖല പുതിയ കാലഘട്ടത്തെ അഭിസംബോധന ചെയ്യാൻ പര്യാപ്തമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ കാലഘട്ടത്തിലെ ‘ജെൻ സി’ തലമുറയുടെ ആവശ്യങ്ങളും കാഴ്ചപ്പാടുകളും കേൾക്കാൻ ഒരു വിദ്യാർത്ഥി പ്രസ്ഥാനം മുന്നോട്ടുവന്നത് ഏറെ സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ നേതാക്കൾ പങ്കെടുത്തു. കെ.പി.സി.സി അംഗം റിജിൽ മാക്കുറ്റി, എൻ.എസ്.യു.ഐ ദേശീയ ജനറൽ സെക്രട്ടറി അനുലേഖ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ മുഹമ്മദ് ഷമ്മാസ്, എം.ജെ. യദുകൃഷ്ണൻ, അരുൺ രാജേന്ദ്രൻ, ആൻ സെബാസ്റ്റ്യൻ, ജില്ലാ പ്രസിഡൻ്റ് എം.സി. അതുൽ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഫർഹാൻ മുണ്ടേരി, ആകാശ് ഭാസ്കർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.