വിജയക്കുതിപ്പ് തുടർന്ന് കെഎസ്‌യു; ആരോഗ്യ സർവകലാശാല തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം; 28 വർഷത്തിനുശേഷം പരിയാരത്തും ചരിത്രവിജയം നേടി യുഡിഎസ്എഫ്

Jaihind Webdesk
Saturday, June 29, 2024

 

തിരുവനന്തപുരം: ആരോഗ്യ സർവകലാശാലയ്ക്ക് കീഴിൽ നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന് ഉജ്ജ്വല മുന്നേറ്റം. ചരിത്രം തിരുത്തിക്കുറിച്ച് 28 വർഷങ്ങൾക്ക് ശേഷം പരിയാരം മെഡിക്കൽ കോളേജ് യൂണിയൻ കെഎസ്‌യു-എംഎസ്എഫ് മുന്നണിയായ യുഡിഎസ്എഫ് സ്വന്തമാക്കി. തിരുവനന്തപുരം ഗവണ്‍മെന്‍റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ മുഴുവൻ സീറ്റിലും കെഎസ്‌യു വിജയിച്ച് ചരിത്ര മുന്നേറ്റം നടത്തി. അതേ സമയം വർഷങ്ങൾക്കു ശേഷം വയനാട് ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിന്‍റെ കീഴിലുള്ള നഴ്സിംഗ് കോളേജിൽ യുഡിഎസ്എഫ് മുഴുവൻ സീറ്റുകളിലും തിളക്കമാർന്ന വിജയം നേടി.

പരിയാരത്തെ കണ്ണൂര്‍ ഗവർമെൻ്റ് മെഡിക്കല്‍ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയമാണ് കെഎസ്‌യുവിന്‍റെ നേതൃത്വത്തില്‍ കുറിച്ചത്. 15 സീറ്റുകളില്‍ 12 സീറ്റുകളും നേടിയാണ് യുഡിഎസ്എഫ് വിജയം നേടിയത്. നേരത്തെ മൂന്ന് സീറ്റുകളില്‍ എസ്എഫ്‌ഐ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 28 വര്‍ഷത്തിനു ശേഷമാണ് കെഎസ്‌യു മുന്നണിയുടെ മിന്നും ജയം.  ചെയര്‍മാനായി ഹിഷാം മുനീറും വൈസ് ചെയര്‍മാന്‍മാരായി ഇ. അമീന്‍, എസ്. സജിത എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി-ഹുസ്‌നുല്‍ മുനീര്‍, ജോയിന്‍റ് സെക്രട്ടറി-ഫറാസ് ഷെരീഫ്, മാഗസിന്‍ എഡിറ്റര്‍-ഷിബിന്‍ ഫവാസ്, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി മുഹമ്മദ് ജാസിം, യുയുസി യുജി-വാജിദ് കെ, യുയുസി പിജി-മുഹമ്മദ് റസല്‍, 2021 ബാച്ച് റെപ്പ്-മുഹമ്മദ് നവാസ്, 2022 ബാച്ച് റെപ്പ്-മുഹമ്മദ് ഫവാസ്, 2023 ബാച്ച് റെപ്പ്- ടി എ. ആമിന ഫിസ എന്നിവരാണ് വിജയിച്ചത്.

8 വർഷങ്ങൾക്കുശേഷം തിരഞ്ഞെടുപ്പ് നടന്ന 16 ൽ 14 സീറ്റിലും വിജയിച്ച് അങ്കമാലി എസ്എംഇ കോളേജ്, കോഴിക്കോട് ഗവണ്‍മെന്‍റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, പാലാ എസ്എംഇ, പത്തനംതിട്ട ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലും കെഎസ്‌യുവിന് യൂണിയൻ നേടാനായി. വർഷങ്ങൾക്കുശേഷം തിരുവനന്തപുരം എസ്ഐഎംഇടി നഴ്സിംഗ് കോളേജിൽ മൂന്നു സീറ്റിലും ഇടുക്കി മെഡിക്കൽ കോളേജിൽ രണ്ട് വൈസ് ചെയർപേഴ്സൺ, ജനറല്‍ സെക്രട്ടറി, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, ആർട്സ് ക്ലബ് സെക്രട്ടറി സീറ്റുകളിലും നഴ്സിംഗ് കോളേജിൽ കൗൺസിലർ സീറ്റിലും കെഎസ്‌യു വിജയിച്ചു.

വർഷങ്ങൾക്ക് ശേഷംവയനാട് ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിൻ്റെ കീഴിലുള്ള നഴ്സിംഗ് കോളേജിൽ യുഡിഎസ്എഫ് മുഴുവൻ സീറ്റുകളിലും തിളക്കമാർന്ന വിജയം നേടി. വിജയത്തോടനുബന്ധിച്ചുള്ള ആഹ്ളാദപ്രകടനം മാനന്തവാടി ടൗണിൽ സംഘടിപ്പിച്ചു. രാഹുലിന്‍റെയും പ്രിയങ്കയുടെയും വയനാട് എന്ന ബാനറുകളും ഏന്തിയായിരുന്നു കെഎസ്‌യുവിന്‍റെ ആഹ്ളാദപ്രകടനം. വയനാട് മെഡിക്കൽ കോളേജിനോടുള്ള സർക്കാറിന്‍റെ അവഗണനയ്ക്കുള്ള തിരിച്ചടിയാണ് ഈ വിജയമെന്ന് നേതാക്കൾ പറഞ്ഞു.

കോട്ടയം മെഡിക്കൽ കോളേജിലും എസ്എഫ്ഐയുടെ കോട്ട തകർത്ത് കെഎസ്‌യു ചരിത്രം കുറിച്ചു. ജോയിന്‍റ് സെക്രട്ടറി, മാഗസിൻ എഡിറ്റർ, സ്പോർട്സ് സെക്രട്ടറി, ബാച്ച് റെപ്പ് 7 സീറ്റുകളില്‍ കെഎസ്‌യു വിജയിച്ചു. എസ്എഫ്ഐ ആറില്‍ ഒതുങ്ങിയപ്പോള്‍ ഒരു സീറ്റില്‍ സ്വതന്ത്രന്‍ വിജയിച്ചു.