എം പാനൽ ജീവനക്കാരെ പിരിച്ചു വിട്ട വിധി തിങ്കളാഴ്ചക്കകം നടപ്പിലാക്കണം

കെഎസ്ആർടിസിയിലെ എം പാനൽ ജീവനക്കാരെ പിരിച്ചു വിട്ട വിധി തിങ്കളാഴ്ചക്കകം നടപ്പിലാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വിധിക്കെതിരെ വാർത്താ സമ്മേളനം നടത്തിയ കെ എസ് ആർ ടി സി എം ഡി ടോമിൻ തച്ചങ്കരിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു.

കെ എസ് ആർ ടി സി യിൽ പത്ത് വർഷം പൂർത്തിയാക്കാത്ത എം പാനൽ ജീവനക്കാരെ പിരിച്ച് വിട്ട് നിയമനം പിഎസ് സി വഴിയാക്കാൻ കഴിഞ്ഞ ആറിനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെതായിരുന്നു ഉത്തരവ്. എന്നാൽ ഉത്തരവ് നടപ്പിലാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടി കാട്ടി കെ എസ് ആർ ടി സി ഹൈക്കോടതിയിൽ സാവകാശ ഹർജി നൽകി. ഉത്തരവ് നടപ്പിലാക്കിയാൽ 40 17 പേരെ പിരിച്ചു വിടേണ്ടി വരുമെന്നും ഇത് കെ എസ് ആർ ടി സി യുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്നും ഹർജിയിൽ ബോധിപ്പിച്ചിരുന്നു.

എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല. മാത്രവുമല്ല വിധിക്കെതിരെ വാർത്താ സമ്മേളനം നടത്തിയ കെ എസ് ആർ ടി സി എം ഡി ടോമിൻ തച്ചങ്കരിയെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. വിധി നടപ്പിലാക്കി തിങ്കളാഴ്ചക്കകം വിശദീകരണം നൽകണം. അല്ലെങ്കിൽ എങ്ങനെ വിധി നടപ്പിലാക്കാമെന്ന് കോടതിക്കറിയാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരാമർശം നടത്തി. വിധിക്കെതിരെ എം പാനൽ ജീവനക്കാർ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിച്ചില്ല. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.

KSRTCM Panel
Comments (0)
Add Comment