ശമ്പളം നല്‍കാന്‍ സർക്കാരിനോട് 65 കോടി ആവശ്യപ്പെട്ട് കെഎസ്ആർടിസി

തിരുവനന്തപുരം: ജൂലൈ മാസത്തെ ശമ്പളം നല്‍കാന്‍ സര്‍ക്കാരിനോട് 65 കോടി രൂപ ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി.  ജൂണ്‍ മാസത്തെ ശമ്പളം ഇതുവരെ വിതരണം ചെയ്ത് പൂർത്തിയായിട്ടില്ല. ഇതിലേക്കായി ഇനിയും 26 കോടി രൂപ വേണം.

കെഎസ്ആര്‍ടിസിയില്‍ ഒരു മാസത്തെ ശമ്പളം നല്‍കാന്‍ വേണ്ടത് 79 കോടി രൂപയാണ്. കഴിഞ്ഞ മാസങ്ങളില്‍ സര്‍ക്കാര്‍ പരമാവധി 50 കോടി രൂപയാണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് ശമ്പളത്തിനായി നല്‍കിയത്. 180 കോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ ഒരുമാസത്തെ വരുമാനം. എന്നാല്‍ ഓവര്‍ ഡ്രാഫ്റ്റ് എടുത്ത് ശമ്പളം നല്‍കിയതിനാല്‍ വരുമാനത്തിന്‍റെ ഭൂരിഭാഗവും ഇത് തിരിച്ചടക്കാനാണ് ഉപയോഗിക്കുന്നത്. നിലവില്‍ 3500 കോടിയിലേറെ രൂപ നഷ്ടത്തിലാണ് കെഎസ്ആർടിസി ഓടുന്നത്.

അടുത്ത മാസം മുതല്‍ അഞ്ചാം തീയതി ശമ്പളം നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിന് പ്രഥമ പരിഗണന നല്‍കണം എന്നും കോടതി വാക്കാല്‍ പരാമർശിച്ചു. കാര്യങ്ങള്‍ കുഴപ്പമില്ലാതെ കൊണ്ടുപോകണമെങ്കില്‍ ഒരു ദിവസം എട്ട് കോടിയെങ്കിലും വരുമാനം ലഭിക്കേണ്ടതുണ്ട് എന്നാണ് കെഎസ്ആർടിസി കോടതിയില്‍ അറിയിച്ചത്.

Comments (0)
Add Comment