വട്ടത്തിലോടിയിട്ടും നഷ്ടത്തില്‍! ആളില്ലാതെ കെഎസ്ആർടിസി സിറ്റി സര്‍ക്കുലർ ബസ് സർവീസ്; റൂട്ട് നിർണയം പാളിയോ?

Jaihind Webdesk
Saturday, December 4, 2021

 

തിരുവനന്തപുരം : വൻ പ്രഖ്യാപനങ്ങളോട് കൂടി ആരംഭിച്ച കെഎസ്ആർടിസി യുടെ സിറ്റി സർക്കുലർ ബസും ഓടുന്നത് നഷ്ടത്തില്‍. നഗരത്തില്‍ സർവീസ് നടത്തുമ്പോഴും യാത്രക്കാരില്ലാത്ത അവസ്ഥയാണ് ഇപ്പോൾ സർക്കുലർ ബസിന്. എന്നാൽ സർക്കുലർ ബസ് എന്ന ആശയം സാധാരണക്കാരിലേക്ക് എത്താത്തതാണ് സർവീസ് നഷ്ടത്തിലായതിന് കാരണമെന്നാണ് കെഎസ്ആർടിസിയുടെ നിലപാട്.

നഗരമധ്യത്തിൽ തലങ്ങും വിലങ്ങും ഓടുന്ന കെഎസ്ആർടിസി സർക്കുലർ സർവീസ് ബസുകളിൽ യാത്രക്കാരില്ലാത്ത അവസ്ഥയാണ്. ചുവപ്പ്, നീല, മജന്ത, മഞ്ഞ, വയലറ്റ്, പച്ച എന്നീ ആകർഷകമായ നിറങ്ങൾ നൽകിയിട്ടും 10, 15, 20, 25,30 എന്നിങ്ങനെ നിരക്ക് ഏർപ്പെടുത്തിയിട്ടും ബസിൽ കയറാൻ യാത്രക്കാരില്ലാതായതോടെ പുതിയ സംരംഭത്തിന് വലിയ തിരിച്ചടിയാണുണ്ടാകുന്നത്. എന്നാൽ റൂട്ട് നിശ്ചയിച്ചതിൽ വീഴ്ചയുണ്ടായതാണ് സർക്കുലർ ബസിനെ വട്ടം ചുറ്റിക്കുന്നതെന്ന അഭിപ്രായവുമുയർന്നിട്ടുണ്ട്. ഇലക്ട്രിക് ബസ് സർവീസുകൾ പരീക്ഷണാടിസ്ഥാനത്തിൽ നടത്തി നഷ്ടത്തിലായ റൂട്ടുകൾ തന്നെയാണ് കെഎസ്ആർടിസി സർക്കുലർ ബസിനായി വീണ്ടും തെരഞ്ഞെടുതിരിക്കുന്നത്.

നഗരത്തിലെ പ്രമുഖ സർക്കാർ ഓഫീസുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബന്ധിപ്പിച്ച് തയാറാക്കിയ ഈ റൂട്ടിൽ ഓഫീസ് സമയത്തിന് ശേഷം യാത്രക്കാർ പൊതുവെ കുറവാണ്. യാത്രക്കാരില്ലാത്ത റൂട്ടിൽ 15 മിനുട്ട് കൂടുമ്പോൾ സർവീസുകൾ നടത്തുന്ന സർക്കിൾ ബസ് കൊണ്ട് പൊതുജനങ്ങൾക്ക് യാതൊരു ഉപകാരവുമില്ലെന്നാണ് യാത്രക്കാർ പറയുന്നത്.

ഒരു ബസിനു ആയിരം രൂപ പോലും കളക്ഷൻ ലഭിക്കുന്നില്ലെന്ന പരാതിയും ജീവനക്കാർക്കിടയിലുണ്ട്. ശമ്പള പ്രതിസന്ധിക്കിടെ
സർക്കുലർ സർവീസിന്‍റെ നഷ്ടം കൂടി സഹിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ജീവനക്കാർ. എന്നാൽ സർക്കുലർ ബസിന്‍റെ ഉപയോഗത്തെക്കുറിച്ച് സാധാരണക്കാർക്ക് അറിവില്ലാത്തതാണ് നഷ്ടത്തിന് കാരണമെന്നാണ് കെഎസ്ആർടിസിയുടെ നിലപാട്. സർക്കുലർ ബസ് എന്ന ആശയം ജനങ്ങളിലേക്കെത്തിക്കാൻ പ്രചാരണ പരിപാടികൾ ശക്തമാക്കാൻ ഒരുങ്ങുകയാണ് കെഎസ്ആർടിസി.