കര്‍ഷകര്‍ക്കു മുന്നില്‍  ഫാസിസ്റ്റ് പ്രധാനമന്ത്രി മുട്ടുമടക്കി: കെ സുധാകരന്‍ എംപി

Jaihind News Bureau
Friday, November 19, 2021

 

ഇന്ത്യയിലെ കര്‍ഷകകോടികളുടെ മുന്നില്‍ നരേന്ദ്രമോദിയെന്ന ഫാസിസ്റ്റ് ഭരണാധികാരിക്ക് മുട്ടുമുടക്കേണ്ടി വന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് ശുഭസൂചന നല്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. കോണ്‍ഗ്രസ് പാര്‍ലമെന്റിനകത്തും പുറത്തും കര്‍ഷകര്‍ക്കൊപ്പം നിന്ന് ഉജ്വല പോരാട്ടം നടത്തി.

മോദിയുടെ പതനം കര്‍ഷകരുടെ സമരഭൂമിയില്‍ നിന്ന് ആരംഭിച്ചിരിക്കുകയാണ്. ഇനി അതു രാജ്യമാകെ ആളിപ്പടരും. കര്‍ഷകരെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള മോദി സര്‍ക്കാരിന്റെ അജന്‍ഡയാണ് ജനാധിപത്യ ശക്തികള്‍ പൊളിച്ചടുക്കിയത്.

ബ്രിട്ടീഷുകാര്‍ക്കെതിരേ ഇന്ത്യന്‍ ജനത നടത്തിയ ഐതിഹാസിക പോരാട്ടത്തെ അനുസ്മരിപ്പിക്കുന്നതാണ് കര്‍ഷക സമരം. ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് സമാധാനപൂര്‍വം നടത്തിയ സമരത്തെ ചോരയില്‍ മുക്കി കൊല്ലാന്‍ ഭരണകൂടം പലതവണ ശ്രമിച്ചു. അപ്പോഴൊക്കെ ആത്മസംയമനം പാലിച്ച കര്‍ഷക സമരം വേദനയും കണ്ണീരും നിറഞ്ഞതാണ്. 750ലധികം കര്‍ഷകരാണ് 15 മാസം നീണ്ട പ്രക്ഷോഭത്തിനിടയില്‍ കൊല്ലപ്പെട്ടത്. മരംകോച്ചുന്ന തണുപ്പത്തും ജ്വലിക്കുന്ന വെയിലിലും അവര്‍ ഉരുകിയില്ല. കര്‍ഷക ലക്ഷങ്ങളെ അഭിവാദ്യം ചെയ്യുന്നു.

വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പായി കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കാനുള്ള പ്രധാനമന്ത്രിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണെന്നും സുധാകരന്‍ പറഞ്ഞു.