
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അന്തസ്സത്ത തകർക്കുകയും രാഷ്ട്രപിതാവിന്റെ ദർശനങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ ആക്രമണവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. പദ്ധതിയുടെ പേരിൽ നിന്ന് ഗാന്ധിജിയുടെ പേര് നീക്കം ചെയ്തതിനൊപ്പം പുതിയ ബില്ലിലൂടെ പദ്ധതിയെത്തന്നെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഗാന്ധിയൻ ദർശനങ്ങളെയും പദ്ധതിയുടെ ഘടനയെയും തകർക്കുന്ന ഈ നയത്തിനെതിരെ കോൺഗ്രസ് രണ്ടാംഘട്ട സമരത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര നയത്തിൽ പ്രതിഷേധിച്ച് ഈ മാസം 13, 14 തീയതികളിൽ തിരുവനന്തപുരം ലോക് ഭവന് മുന്നിൽ കോൺഗ്രസ് രാപ്പകൽ സമരം നടത്തും. തുടർന്ന് ജനുവരി 30-ന് രാഷ്ട്രപിതാവിന്റെ രക്തസാക്ഷി ദിനത്തിൽ മണ്ഡലം തലത്തിലും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിനായി സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങൾ ജനുവരി 13-ന് കേരളത്തിലെത്തുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അതേസമയം, സംസ്ഥാനത്തെ ഭരണകക്ഷിയായ സിപിഎമ്മിൽ വൻ ആശയക്കുഴപ്പമാണെന്ന് സണ്ണി ജോസഫ് പരിഹസിച്ചു. വിവാദ പ്രസ്താവനകൾ നടത്തിയ എ.കെ. ബാലനെ എം.വി. ഗോവിന്ദൻ മാസ്റ്റർ തിരുത്തിയത് പാർട്ടിയിലെ ഭിന്നതയുടെ തെളിവാണ്. സിപിഎം എങ്ങോട്ടാണ് പോകുന്നതെന്ന് അവർക്കുപോലും അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.