കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന് കണ്ണൂരില്‍ ആവേശോജ്വല സ്വീകരണം

Jaihind News Bureau
Friday, May 16, 2025

കെപിസിസി പ്രസിഡന്റായ ശേഷം കണ്ണൂരിലെത്തിയ സണ്ണി ജോസഫിന് ആവേശോജ്വല സ്വീകരണമാണ് സ്വന്തം ജില്ല നല്‍കുന്നത്. മുന്‍ കെപിസിസി അധ്യക്ഷനും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ കെ. സുധാകരനൊപ്പം തുറന്ന ജീപ്പിലാണ് അഡ്വ.സണ്ണി ജോസഫ് എംഎല്‍എ അണികളെ അഭിവാദ്യം ചെയ്തത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങിയതു മുതല്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് അദ്ദേഹത്തിന്റെ യാത്രയ്ക്ക് ഒപ്പം കൂടിയിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ.സുധാകരന്‍, കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് അടക്കമുള്ള നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ട്. കണ്ണൂര്‍ ജില്ലയിലെ ഏറ്റവും ആവേശകരമായ സ്വീകരണമാണ് കെപിസിസി അധ്യക്ഷന് പ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്നത്.

കോഴിക്കോട് നിന്ന് ട്രെയിൻ മാർഗം കണ്ണൂരിലെത്തിയ കെപിസിസി പ്രസിഡൻറിന് ഉജ്ജ്വലമായ സ്വീകരണമാണ് പ്രവർത്തകരുംനേതാക്കളും നൽകിയത്.കണ്ണൂർ റയിൽവേ സ്‌റ്റേഷനിൽ ഇറങ്ങിയ സണ്ണി ജോസഫ് എം എൽ എ യെ ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജും കെ പി സി സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യനും മറ്റു നേതാക്കളും സ്വീകരിച്ചു.

വനിതകൾ ഉൾപ്പടെ നൂറുകണക്കിന് കോൺഗ്രസ്സ് പ്രവർത്തകരാണ് റയിൽവേ സ്റ്റേഷനിൽ എത്തിയത് .സണ്ണി ജോസഫ് എംഎൽഎയെ തുറന്ന വാഹനത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കണ്ണൂർ നഗരവീഥിയിലൂടെ സ്വീകരിച്ച് ആനയിച്ചു.

സ്റ്റേഡിയം കോർണറിൽ വെച്ച് കോൺഗ്രസ് പ്രവർത്തക സമിതിയംഗം കെ.സുധാകരൻ എംപിയും സ്വീകരണ ഘോഷയാത്രയിൽ പങ്കുചേർന്നതോടെ പ്രവർത്തകർക്ക് ആവേശമായി.

ഇരു നേതാക്കളും പ്രവർത്തകരെയും പൊതു ജനങ്ങളെയും അഭിവാദ്യം ചെയ്ത് ഡിസിസി ഓഫിസിൽ എത്തിചേർന്നു. ഇടതുപക്ഷ ദുർഭരണത്തെ പരാജയപ്പെടുത്താൻ പാർട്ടി ഒറ്റക്കെട്ടായി മുന്നേറാൻ സണ്ണി ജോസഫ് എംഎൽഎ പ്രവർത്തകരെ ആഹ്വാനം ചെയ്തു.

സണ്ണി ജോസഫ് കെ പി സി സി പ്രസിഡൻ്റ് ആയത് കോൺഗ്രസ് പ്രവർത്തകർക്ക് ആഹ്ലാദം പകരുന്നതായി കെ.സുധാകരൻ എംപി പറഞ്ഞു. സണ്ണി ജോസഫുമായി ഒരു ഭിന്നിപ്പ് ഇല്ലെന്നും കെ.സുധാകരൻ എംപി പറഞ്ഞു