പാലായില്‍ രാഷ്ട്രീയപോരാട്ടത്തിന് ഇടതുപക്ഷം തയാറായില്ല

Jaihind News Bureau
Sunday, September 29, 2019


മുല്ലപ്പള്ളി രാമചന്ദ്രന്‍,  കെപിസിസി പ്രസിഡന്റ്

പാലാ ഉപതെരഞ്ഞെടുപ്പു ഫലം കേരളത്തിന്റെയാകെ സൂചനയാണെന്ന മട്ടിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിലയിരുത്തല്‍ കണ്ടപ്പോള്‍, അദ്ദേഹം കേരളത്തിലൊന്നുമല്ലേ ജീവിക്കുന്നത് എന്നാണ് പെട്ടെന്നു തോന്നിയത്. ചക്കയിട്ടു മുയല്‍ ചാകുന്നതുപോലുള്ള തികച്ചും ആകസ്മികമായ ഒരു വിജയത്തെ കേരളത്തിന്റെ പൊതുവികാരമായും കേരളത്തെ മുച്ചൂടും മുടിപ്പിച്ചുകൊണ്ടിരിക്കുന്ന ഭരണത്തിന്റെ വിലയിരുത്തലായും അവകാശപ്പെട്ട പിണറായിയുടെ തൊലിക്കട്ടിക്ക് ‘നല്ല നമസ്‌കാരം.’
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളെ കൈവിട്ട ജനവിഭാഗങ്ങള്‍ തിരികെ എത്തിയെന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. അതു ദിവാസ്വപ്നം മാത്രമാണ്. അവരെ തിരികെ കൊണ്ടുവരാന്‍ സിപിഎമ്മും സര്‍ക്കാരും എന്തെങ്കിലും ചെയ്തിട്ടുണ്ടോ? ശബരിമല വിഷയത്തില്‍ തെറ്റു തിരുത്തിയോ? ഒരു കുറ്റസമ്മതമെങ്കിലും നടത്തിയോ? തെറ്റു പറ്റിയെന്നു പാര്‍ട്ടി സെക്രട്ടറിയും ചെയ്തതെല്ലാം ശരിയെന്നു മുഖ്യമന്ത്രിയും വ്യത്യസ്ത നിലപാടെടുത്ത് ജനങ്ങളെ കബളിപ്പിക്കുകയല്ലേ ചെയ്തത്? ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും യഥാര്‍ത്ഥ നിലപാട് എന്തെന്ന് പാലായില്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ട് മുഖ്യമന്ത്രിയോ, കോടിയേരിയോ പ്രതികരിച്ചതേയില്ല.

ശബരിമലയിലെ തെറ്റുതിരുത്തിയോ?

ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി വന്നിട്ട് ഇന്നലെ (സെപ് 28) ഒരു വര്‍ഷം പൂര്‍ത്തിയായി. ഈ വിധി അന്ധമായും ബലമായും നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതിനെ തുടര്‍ന്ന കഴിഞ്ഞ മണ്ഡല- മകരവിളക്കു കാലം കലാപഭരിതമായി. മഫ്തി പോലീസിന്റെ സഹായത്തോടെ ഏതാനും യുവതികളെ സന്നിധാനത്ത് എത്തിച്ച് സര്‍ക്കാര്‍ വിജയം അവകാശപ്പെട്ടു. ശബരിമല സംഘര്‍ഷത്തിന്റെ പേരില്‍ 9,000 ക്രിമിനല്‍ കേസുകള്‍ ചുമത്തുകയും 27,000 പേരെ പ്രതികളാക്കുകയും ചെയ്തു. ഇതാണ് സര്‍ക്കാര്‍ ചെയ്ത ഒന്നാമത്തെ തെറ്റ്. ശബരിമലയുടെ പ്രത്യേകത പരിഗണിച്ച് യുവതീപ്രവേശത്തെ അനുകൂലിച്ച് ഇടതു സര്‍ക്കാര്‍ പുതുക്കി നല്കിയ സത്യവാങ്മൂലം പിന്‍വലിക്കാത്തത് രണ്ടാമത്തെ തെറ്റ്. വിധിക്കെതിരേ നല്കിയ പുന:പരിശോധനാ ഹര്‍ജികളും റിട്ടും ഉള്‍പ്പെടെയുള്ള 65 പരാതികള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയുടെ മുമ്പിലുണ്ട്. അദ്ദേഹം നവം 17നു വിരമിക്കുന്നതിനു മുമ്പ് അന്തിമവിധി ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. എന്നാല്‍ വിശ്വാസികളുടെ വികാരം മാനിച്ചുള്ള ഒരു നടപടിയും എന്നാല്‍ പിണറായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തത് മൂന്നാമത്തെ തെറ്റ്. ഓര്‍ഡിന്‍സ് പോലുള്ള നിയമനിര്‍മാണ സാധ്യതകളെ പിണറായി സര്‍ക്കാരും മോദി സര്‍ക്കാരും തള്ളിക്കളഞ്ഞത് നാലാമത്തെ തെറ്റ്. ഇത്തരം നിരവധിയായ തെറ്റുകളൊന്നും തിരുത്താതെ എങ്ങനെയാണ് തങ്ങളെ കൈവിട്ട ജനവിഭാഗങ്ങള്‍ തിരികെ ഇടതുപക്ഷത്ത് എത്തിയതെന്നു മുഖ്യമന്ത്രി വിശദീകരിക്കണം.
കര്‍ഷകരുടെ, പ്രത്യേകിച്ച് റബര്‍ കര്‍ഷകരുടെ വലിയ സാന്നിധ്യമുള്ള പ്രദേശമാണു പാലാ. കര്‍ഷകരുടെ ഏറ്റവുമധികം ആത്മഹത്യ നടന്നത് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ്. മഹാപ്രളയത്തിനുശേഷമുള്ള ആറു മാസത്തിനുള്ളില്‍ മാത്രം 25 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്നു മനസിലാകുന്നത്. ഇടുക്കി-13, വയനാട് 8, കണ്ണൂര്‍- 2, കാസര്‍ഗോഡ്-1 ആ കണക്ക്. സംസ്ഥാനത്ത് ലക്ഷക്കണക്കിനു കര്‍ഷകരാണ് കടക്കെണിയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ക്കെല്ലാം ബാങ്കുകള്‍ ജപ്തി നോട്ടീസ് അയച്ചുകഴിഞ്ഞു. സര്‍ഫാസി നിയമപ്രകാരം കിടപ്പാടവും കൃഷിഭൂമിയും നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണിവര്‍. പാലായില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യാതിരിക്കുന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കിയ റബര്‍ വിലസ്ഥിരതാ ഫണ്ടുമൂലമാണ്. കെ.എം മാണി നടപ്പാക്കിയ കാരുണ്യ ഫണ്ടുപോലൊരു പദ്ധതി പിണറായിക്ക് സ്വപ്നത്തില്‍പോലും കാണാന്‍ കഴിയില്ല. തങ്ങളെ സഹായിക്കാത്ത പിണറായി സര്‍ക്കാരിനുവേണ്ടി കര്‍ഷകര്‍ കൈപൊക്കിയെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും?

പാലാ പ്രതിഭാസം

പാലായില്‍ സംഭവിച്ചത് പാലായില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന രാഷ്ട്രീയ പ്രതിഭാസമാണെന്ന് കരതലാമലകം പോലെ സുവ്യക്തം. ഇതില്‍ യുഡിഎഫിന് ആശങ്കപ്പെടാനോ, എല്‍ഡിഎഫിന് ആര്‍ത്തുതിമിര്‍ക്കാനോ യാതൊന്നുമില്ല. അടുത്ത അഞ്ച് ഉപതെരഞ്ഞെടുപ്പുകളില്‍ ഇതിന് യാതൊരു പ്രസക്തിയുമില്ല. ശക്തമായ രാഷ്ട്രീപോരാട്ടം തന്നെ ആയിരിക്കും വരാനിരിക്കുന്നത്.

പാലായില്‍ ഒരു രാഷ്ട്രീയപോരാട്ടമേ ഉണ്ടായില്ല എന്നതാണ് വാസ്തവം. കേരള കോണ്‍ഗ്രസിലെ പടലപ്പിണക്കമാണ് ആദ്യന്തം അവിടെ നിറഞ്ഞുനിന്നത്. കേരള കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ മറ്റെല്ലാം മൂടപ്പെട്ടു. രാജ്യവും കേരളവും നേരിടുന്ന അതീവ ഗുരുതരമായ രാഷ്ട്രീയ സാമ്പത്തിക, സാമൂഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം രണ്ടിലയും പൈനാപ്പിളുമൊക്കെയാണ് വിലയേറിയ സമയം അപഹരിച്ചത്. ഒരു തെരഞ്ഞെടുപ്പില്‍ സംഭവിക്കാന്‍ പാടില്ലാത്തതൊക്കെ പാലായില്‍ സംഭവിച്ചെന്നു വ്യക്തം.

പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കു ചിഹ്നം ലഭിക്കാതിരിക്കുക, ബദല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുക, പാര്‍ട്ടി നേതാവിനെ കൂകി വിളിക്കുക, പ്രസ്താവനകള്‍ ഇറക്കുക, ലേഖനങ്ങള്‍ എഴുതുക, പരസ്പരം ചെളിവാരി എറിയുക തുടങ്ങിയ സംഭവങ്ങള്‍ പൊതുസമൂഹത്തെ മാത്രമല്ല, പാര്‍ട്ടി അണികളെപ്പോലും വേദനിപ്പിച്ചുവെന്നു വ്യക്തം. വോട്ടെടുപ്പു ദിവസംപോലും സംയമനം പാലിക്കാന്‍ കഴിഞ്ഞില്ല. ജനങ്ങളെ യജമാന•ാരായി കാണുകയെന്ന ജനാധിപത്യ മര്യാദ പാലായില്‍ തരിമ്പും പാലിച്ചില്ല. എന്തു ചെയ്താലും എന്തു കാട്ടിയാലും ജനം ഒപ്പം കാണുമെന്ന ചിന്ത ഉണ്ടായാല്‍ അവര്‍ തിരിച്ചടിക്കുമെന്ന് ഉറപ്പ്. അതാണു പാലായില്‍ കണ്ടത്.
കോണ്‍ഗ്രസിനു ശക്തമായ സാന്നിധ്യമുള്ള മണ്‌ലമാണു പാലാ. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈമെയ് മറന്ന് ജോസ് ടോമിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍, രാമപുരം പോലുള്ള പഞ്ചായത്തുകളില്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടില്ല. മുന്നണി സംവിധാനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍, സഹമുന്നണി പ്രവര്‍ത്തകരോടു കാട്ടുന്ന സഹകരണവും വിട്ടുവീഴ്ചയുമൊക്കെ മുന്നണിയെ ശക്തിപ്പെടുത്തുകയേ ഉള്ളു. പാര്‍ട്ടിയുടെ താത്പര്യം സംരക്ഷിക്കുന്നതോടൊപ്പം മുന്നണിയുടെയും താത്പര്യം സംരക്ഷിക്കാനും എല്ലാവര്‍ക്കും ബാധ്യതയുണ്ട്. അപ്പോഴാണ് യഥാര്‍ത്ഥ ഐക്യജനാധിപത്യ മുന്നണി ഉണ്ടാകുകയും പ്രവര്‍ത്തകര്‍ വര്‍ധിത വീര്യത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്.

54 വര്‍ഷം പാലായെ തന്റെ കണ്ണിലെ കൃഷ്ണമണിപോലെ കൊണ്ടു നടന്ന കെ.എം. മാണിയുടെ സ്മരണകള്‍പോലും കാര്യമായി ഉയര്‍ന്നില്ല. പാലായുടെ മുക്കിലും മൂലയിലും കെ.എം. മാണിയുടെ സ്മരണകളും അദ്ദേഹത്തിന്റെ സ്മാരകങ്ങളായി നിരവധി വികസന നേട്ടങ്ങളുമുണ്ട്. അദ്ദേഹം നമ്മെ വിടപറഞ്ഞിട്ട് വെറും ആറു മാസമേ ആയുള്ളു. എത്ര വേഗമാണ് അദ്ദേഹത്തെ നാം വിസ്മരിച്ചത്. പാര്‍ട്ടിക്കുള്ളിലെ ചക്കളത്തിപോരാട്ടത്തില്‍ പാലായിലെ വികസനവും കെ.എം. മാണിയുമൊക്കെ വിസ്മൃതിയിലായി. കെ.എം. മാണിയെ ജീവിതകാലം മുഴുവന്‍ വേട്ടയാടിയവര്‍ക്ക് പാലാ ചുവപ്പുപരവതാനി വിരിച്ചെങ്കില്‍ അതു സ്വയംകൃതനാര്‍ത്ഥം തന്നെ.

അവിശുദ്ധ കൂട്ടുകെട്ട്

അവിശുദ്ധ കൂട്ടുകെട്ടുകളുടെ സന്തതിയാണ് പാലായിലെ ഇടതുപക്ഷത്തിന്റെ വിജയമെന്ന് ഉറപ്പിച്ചു പറയാം. രാഷ്ട്രീയ സദാചാരം വിസ്മരിച്ചുകൊണ്ട് ഏച്ചുകെട്ടി ഉണ്ടാക്കിയ താത്ക്കാലിക കൂട്ടുകെട്ടുകളാണ് ഇടതിനു വിജയം കൊണ്ടുവന്നത്. എന്‍ഡിഎയുടെ ഏഴായിരത്തോളം വോട്ടുകളാണ് ഇടതുപക്ഷത്തേക്കു മറിഞ്ഞത്. 2016ല്‍ 24,821 വോട്ടു ലഭിച്ച എന്‍ഡിഎയക്ക് ഇത്തവണ ലഭിച്ചത് 18,044 വോട്ടു മാത്രം. വോട്ടു വില്പനയുടെ പേരില്‍ ബിജെപി പാലാ നിയോജക മണ്ഡലം പ്രസിഡന്റിനെ പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കി. എന്‍ഡിഎയ്ക്ക് സ്വന്തം സ്ഥാനാര്‍ത്ഥി ഉള്ളപ്പോഴാണ് അതിലെ ഘടകകക്ഷി വോട്ടു മറിച്ചത്. ഇത് എന്തു രാഷ്ട്രീയ സദാചാരമാണ്? രാജ്യം ഭരിക്കുന്ന ഒരു കക്ഷിയല്ലേ ബിജെപി. അവര്‍ക്ക് ഇതൊന്നും പുത്തരിയല്ല. രാജ്യമെമ്പാടും അവിശുദ്ധ കൂട്ടുകെട്ടുകളും വൃത്തികെട്ട രാഷ്ട്രീയവും കൊണ്ടുനടക്കുന്ന ബിജെപിക്ക് ഇതൊക്കെ നിസാരം.
ഇക്കാര്യത്തില്‍ ബിജെപിയോടു കിടപിടിക്കാന്‍ സിപിഎമ്മിനു മാത്രമേ സാധിക്കുകയുള്ളു. അതിന് എത്രയെത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും നമ്മുടെ കണ്‍മുന്നിലുണ്ട്. തദ്ദേശസ്ഥാപനങ്ങളിലേക്ക് ഈ മാസം ആദ്യവാരം നടന്ന ഉപതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ കാരോട് പഞ്ചായത്തില്‍ ബിജെപിക്ക് വോട്ടുമറിച്ച് സിപിഎം അവരെ ജയിപ്പിച്ചു. കാല്‍നൂറ്റാണ്ടായി എല്‍ഡിഎഫ് ജയിക്കുന്ന കാന്തള്ളൂര്‍ വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്കു കിട്ടിയത് 65 വോട്ടു മാത്രം. കഴിഞ്ഞ തവണ 300 വോട്ടു ലഭിച്ചിടത്താണിത്. അന്ന് 252 വോട്ടു ലഭിച്ച ബിജെപിയുടെ വോട്ട് 512 ആയി. 34 വോട്ടിന് ബിജെപി ജയിക്കുകയും ചെയ്തു. ഒരു പ്രാദേശിക തെരഞ്ഞെടുപ്പില്‍പോലും കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തോല്‍പ്പിക്കാന്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ കൈകോര്‍ക്കുമ്പോള്‍, നിയമസഭാ തെരഞ്ഞെടുപ്പിലെ കാര്യം പറയേണ്ടതില്ലല്ലോ.

അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടും പാലായില്‍ ഇടതുപക്ഷത്തിന് 2016ല്‍ ലഭിച്ച വോട്ടുപോലും ഇത്തവണ കിട്ടിയില്ല. അന്നു 54,181 വോട്ടു ലഭിച്ച ഇടതുപക്ഷത്തിന് ഇത്തവണ ലഭിച്ചത് 54,137 വോട്ടു മാത്രം. കഴിഞ്ഞ തവണത്തേക്കാള്‍ 44 വോട്ടു കുറവ്. പോളിംഗ് ശതമാനം ഇത്തവണ കുറവായിരുന്നു എന്നതു വാസ്തവം. വോട്ടര്‍മാര്‍ക്കിടയിലെ മരവിപ്പ് തന്നെയാണ് അതിനു കാരണം. ആരുടെയും പ്രേരണയോ, നിര്‍ബന്ധമോ ഇല്ലാതെ വോട്ടര്‍മാര്‍ നിര്‍ബാധം ബൂത്തിലേക്ക് ഒഴുകിയെത്തണമെങ്കില്‍ അവരെ നമുക്ക് പ്രചോദിപ്പിക്കാന്‍ കഴിയണം. അതില്‍ പരാജയപ്പെട്ടാല്‍ കാരണങ്ങള്‍ കണ്ടെത്തി തിരുത്തണം.

വരുന്നൂ പോരാട്ടം

അഞ്ചു മണ്ഡലങ്ങളിലേക്കു നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫും കോണ്‍ഗ്രസും ഏറ്റവും മികച്ച പോരാളികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. എല്ലാവരും ഉജ്വലമായ പ്രവര്‍ത്തന പാരമ്പര്യമുള്ളവരും കറകളഞ്ഞ പൊതുജീവിതത്തിന് ഉടമകളുമാണ്. ഇടതുമുന്നണിയുടെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥികളുമായി താരതമ്യം ചെയ്താല്‍ ബഹുദൂരം മുന്നിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. തികഞ്ഞ അച്ചടക്കത്തോടെയും നൂറു ശതമാനം ആത്മാര്‍ത്ഥതയോടെയും ഇവര്‍ക്കു പിന്നില്‍ യുഡിഎഫ് സംവിധാനവും കോണ്‍ഗ്രസ് പ്രസ്ഥാനവുണ്ട്. നല്ലയൊരു രാഷ്ട്രീയപോരാട്ടത്തിലൂടെ ഇവര്‍ കേരള നിയമസഭയിലെത്തി കേരളത്തിന്റെ വാഗ്ദാനങ്ങളായി മാറുമെന്ന് ഉറപ്പാണ്.