ദുബായ് : വിദേശ രാജ്യങ്ങളിലെ കോണ്‍ഗ്രസ് അനുഭാവ കലാ സാസ്കാരിക സംഘടനകളായ ഒ ഐ സി സിയക്കും ഇന്‍കാസിനും പുത്തന്‍ ഉണര്‍വ് നല്കി പ്രവാസി കൂട്ടായ്മയെ കൂടുതല്‍ സജീവമാക്കാന്‍ കെപിസിസി തീരുമാനിച്ചു. ഇതിന്റെ ആദ്യഘട്ടമായി ഒഐസിസി – ഇന്‍കാസ് കൂട്ടായ്മകയ്ക്ക് ഗ്ളോബല്‍ തലത്തില്‍ പുതിയ ചെയര്‍മാനെ നിയമിച്ചു. ഒമാൻ കേന്ദ്രമായ പ്രവാസി മലയാളി കുമ്പളത്ത് ശങ്കരപിള്ളയാണ് പുതിയ ഗ്ളോബല്‍ ചെയര്മാന്. കൊല്ലം സ്വദേശിയാണ്.
നേരത്തെ, ഗ്ളോബല്‍ ചെയര്‍മാനായിരുന്ന പ്രമുഖ വ്യവസായി സി കെ മേനോന്റെ നിര്യാണത്തെ തുടര്‍ന്ന് ഏറെ നാളായി ഗ്ളോബല്‍ ചെയര്മാന് എന്ന പദവി ഒഴിഞ്ഞ് കിടക്കുകയായിരുന്നു. ശങ്കരപിള്ള നേരത്തെ ഗ്ളോബല്‍ കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി കൂടിയായിരുന്നു. ഇനി എല്ലാ വിദേശ രാജ്യങ്ങളിലും പ്രത്യേകിച്ച് ആറു ഗള്‍ഫ് രാജ്യങ്ങളിലും ഒ ഐ സി സി, ഇന്‍കാസ് കേന്ദ്ര-സംസ്ഥാന കമ്മിറ്റികള്‍ മികച്ച രീതിയില്‍ സജീവമാക്കും. ഇതിന്റെ ചുമതല കൂടി ഗ്ളോബല്‍ ചെയര്മാന്, കെ പി സി സി പ്രസിഡണ്ട് കെ സുധാകരന് നല്കി കഴിഞ്ഞു. മുന്‍ കെ പി സി സി അധ്യക്ഷന്‍ തെന്നല ബാലകൃഷ്ണ പിള്ളയുടെ ബന്ധുവാണ്. ഒമാനിലെ നിരവധി കലാ-സാംസ്കാരിക കൂട്ടായ്മകളുടെ അമരക്കാരനുമാണ് ഇദേഹം.
വിദേശ രാജ്യങ്ങളില്‍ സംഘടനയിലേക്ക് കൂടുതല്‍ പുതിയ അംഗങ്ങളെ ചേര്‍ത്തിയും ഇതിനായി അംഗത്വ ക്യാംപയിനുകള്‍ നടത്തിയും ഒ ഐ സി സിയെയും ഇന്‍കാസിനെയും ശക്തിപ്പെടുത്താനാണ് തീരുമാനം. ഇപ്രകാരം, അച്ചടക്കവും കെട്ടുറപ്പുമുള്ള പുതിയ സംഘടന സംവിധാനം വഴി , പ്രവാസ ലോകത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക കൂട്ടായ്മയെ കൂടുതല്‍ ശക്തിപ്പെടുത്തി സജീവമാക്കാനും കെപിസിസി ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി കെ പി സി സി ആസ്ഥാനത്ത് ആദ്യമായി ഒഐസിസി-ഇൻകാസിന് ഒക്ടോബർ 18 ന് തിങ്കളാഴ്ച ഓഫീസ് തുറക്കുമെന്ന് നിയുക്ത പ്രസിഡണ്ട് കുമ്പളത്ത് ശങ്കരപിള്ള ദുബായിൽ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.