കെപിസിസിയുടെ ആയിരം ഭവനം പദ്ധതിയിൽ ആദ്യ വീട് സ്വാതന്ത്ര്യ സമര സേനാനിയ്ക്ക്

Jaihind Webdesk
Wednesday, September 5, 2018

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ഉണ്ണീരിക്കുട്ടിയുടെ സ്വന്തമായ വീടെന്ന സ്വപനം യാഥാർത്ഥ്യമാകുന്നു. കെപിസിസിയുടെ ആയിരം ഭവനം പദ്ധതിയിൽ ആദ്യത്തെ വീടാണ് ഉണ്ണീരിക്കുട്ടിയുടേത്.

പ്രളയ ദുരന്തത്തിൽ കോഴിക്കോട് പൂനൂർ പുഴ കര കവിഞ്ഞൊഴുകിയപ്പോൾ തകർന്ന വീഴാറായ വീടിനു മുന്നിൽ 94 വയസുകാരനായ ഉണ്ണീരിക്കുട്ടി പകച്ചു നിന്നു. കുടുംബവുമൊന്നിച്ച് വാടക വീട്ടിലേക്ക് മാറിയപ്പോഴും ഇനിയൊരു വീടെന്ന സ്വപനം അകലെയായിരുന്നു. എന്നാൽ കെപിസിസിയുടെ ആയിരം ഭവനം പദ്ധതിയിൽ ആദ്യത്തെ വീട് സ്വാതന്ത്ര്യ സമര സേനാനി കൂടിയായ തനിക്കാണെന്നറിഞ്ഞപ്പോൾ ഏറെ സന്തോഷം.

ജില്ലാ കോൺഗ്രസ് പ്രസിഡന്‍റ് നേരിട്ടെത്തി വിവരമറിയിക്കുകയായിരുന്നു. ഒരാഴ്ചയ്ക്കകം തന്നെ പഴയ വീട് പൊളിച്ച് പുതിയ വീടിനായുള്ള പണി ആരംഭിക്കും. പുതിയ വീട് ലഭിക്കുന്നതിന്‍റെ സന്തോഷത്തിനൊപ്പം 62 വർഷം പഴക്കമുള്ള ഓടിട്ട വീട്ടിൽ സ്വാതന്ത്യ സമര കാലം മുതൽ നിധി പോലെ സൂക്ഷിച്ച പല രേഖകളും നഷ്ടപ്പെട്ടതിന്‍റെ ദുഃഖവും ഇദ്ദേഹത്തിനുണ്ട്.