ഷിഗല്ല ബാധിതനായ കുട്ടിയെ കൈയൊഴിഞ്ഞ് ആരോഗ്യവകുപ്പ്; കനിവ് തേടി കുടുംബം

Jaihind Webdesk
Thursday, August 11, 2022

കോഴിക്കോട് / മലപ്പുറം: ഷിഗല്ല ബാധിച്ച കുട്ടിയെ കൈയൊഴിഞ്ഞ് ആരോഗ്യ വകുപ്പ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ചികിത്സയില്ലെന്ന് പറഞ്ഞ് കുട്ടിയെ തിരിച്ചയച്ചതായി ബന്ധുക്കൾ പറഞ്ഞു. അബോധാവസ്ഥയിൽ തുടരുന്ന കുട്ടിയെ മലപ്പുറം തിരൂർ ജില്ലാ ആശുപത്രി അധികൃതരും കൈ ഒഴിഞ്ഞു.

ജൂൺ 22നാണ് ഷിഗല്ല രോഗത്തെ തുടർന്ന് നാലര വയസുകാരൻ മുഹമ്മദ് സാലിഹിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലപ്പുറം കോട്ടയ്ക്കൽ സ്വദേശിയാണ്. തുടർന്ന് രോഗബാധയ്ക്കുള്ള ചികിത്സ ആരംഭിച്ചെങ്കിലും രോഗം പൂർണ്ണമായും മാറുന്നതിന് മുമ്പെ കുട്ടിയെ മെഡിക്കൽ കോളേജ്ആശുപത്രി അധികൃതർ ഡിസ്ചാർജ് ചെയ്തു. തലയ്ക്ക് പിന്നിലെ മുറിവ് ഉൾപ്പെടെ ഭേദമാകുന്നതിന് മുമ്പെ ഡിസ്ചാർജ് നൽകിയതിൽ ബന്ധുക്കൾക്ക് പരാതിയുണ്ടായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഡിസ്ചാർജ് ചെയ്ത് തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ തിരൂർ ആശുപത്രി അധികൃതരും ഇന്നലെ കുടുംബത്തെ കൈ ഒഴിഞ്ഞു. കുട്ടിയെ വീട്ടിലേക്ക് മാറ്റാനാണ് ഡോക്ടർ നിർദ്ദേശം നൽകിയിരിക്കുന്നത്.

മുഹമ്മദ് സാലിഹ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. അബോധാവസ്ഥയിൽ തുടരുന്ന കുട്ടിയെ എങ്ങനെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടു പോകും എന്ന വിഷമത്തിലാണ് കുടുംബം. ആരോഗ്യ വകുപ്പിന്‍റെ കനിവ് കാത്ത് കഴിയുകയാണ് മുഹമ്മദ് സാലിഹിന്‍റെ കുടുംബം.