അതിഥി തൊഴിലാളിയെ ഓണാഘോഷത്തിന് ക്ഷണിച്ച് മാത്തറ കോളേജിലെ വിദ്യാര്‍ത്ഥികള്‍; വീഡിയോ വൈറല്‍

Jaihind News Bureau
Thursday, September 4, 2025

മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നു പോലേ..ആമോദത്തോടെ വസിക്കും കാലം…ആപത്തങ്ങാര്‍ക്കും ഒട്ടില്ല താനും.. ഓണത്തെ അനുസ്മരിപ്പിക്കുന്ന ഈ പാട്ടിനെ അന്വര്‍ത്ഥമാക്കുന്നതാണ് ഓണക്കാലത്ത് കോഴിക്കോട് മാത്തറയില്‍ നിന്നുള്ള ഈ നല്ല വാര്‍ത്ത.

മാത്തറയിലെ പി.കെ.സി.ഐ.സി.എസ് ആര്‍ട്‌സ് കോളേജിലെ ഓണാഘോഷത്തിനിടെ നടന്ന ഒരു ചെറിയ സംഭവം ഇപ്പോള്‍ നാടെങ്ങും വൈറലായിരിക്കുന്നു. കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഓണം ആഘോഷിക്കുന്നതിനിടയില്‍, മൂന്നാം വര്‍ഷ ബി.സി.എ വിദ്യാര്‍ത്ഥിയായ അഫാന്‍ പകര്‍ത്തിയ ഒരു വീഡിയോയാണ് അഫാനെയും കോളേജിനെയും ഈ ഓണക്കാലത്തെ സൂപ്പര്‍സ്റ്റാറുകളാക്കിയത്.

കോളേജ് കെട്ടിടത്തോട് ചേര്‍ന്നുള്ള നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന് മുകളില്‍ കയറില്‍ തൂങ്ങിനിന്ന്, വിദ്യാര്‍ത്ഥികളുടെ ഓണാഘോഷം അതിശയത്തോടെ നോക്കിനില്‍ക്കുന്ന ബംഗാള്‍ സ്വദേശിയായ സിറാജിന്റെ ചിത്രം അഫാന്റെ വീഡിയോയില്‍ പതിഞ്ഞു. ആഘോഷത്തിനിടയിലും ജീവിതം കെട്ടിപ്പടുക്കാന്‍ കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന സിറാജിന്റെ ചിത്രം അഫാന്റെ മനസില്‍ ഒരു വിങ്ങലുണ്ടാക്കി. തുടര്‍ന്ന് അഫാന്‍ ഈ വീഡിയോ കോളേജ് ഗ്രൂപ്പിലും പിന്നീട് ഇന്‍സ്റ്റാഗ്രാമിലും പങ്കുവെച്ചു. വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോ നാടെങ്ങും ശ്രദ്ധനേടി.

ഈ സംഭവം വൈറലായതോടെ, കോളേജില്‍ നടന്ന ഓണാഘോഷ പരിപാടിയിലേക്ക് മുഖ്യാതിഥിയായി സിറാജിനെ ക്ഷണിക്കാന്‍ കോളേജ് അധികൃതര്‍ തീരുമാനിച്ചു. ഈ ക്ഷണം കേട്ട് ആദ്യം അമ്പരന്നെങ്കിലും, വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സ്‌നേഹം കണ്ടറിഞ്ഞ സിറാജ് സന്തോഷത്തോടെ ക്ഷണം സ്വീകരിച്ച് കോളേജിലെ ഓണാഘോഷത്തിനെത്തി.

വിദ്യാര്‍ത്ഥികളെല്ലാം സിറാജിനൊപ്പം ഫോട്ടോയെടുത്തും സെല്‍ഫിയെടുത്തും ഓണം ആഘോഷിച്ചു. അതുകൂടാതെ, സിറാജിന് വിഭവസമൃദ്ധമായ ഓണസദ്യയും ഓണക്കോടിയും നല്‍കിയാണ് കോളേജ് അധികൃതര്‍ യാത്രയാക്കിയത്. ഈ ഓണക്കാലത്തെ ഏറ്റവും മനോഹരമായ കാഴ്ചയായി ഈ വീഡിയോയും അതുപോലെ സിറാജിനെയും അഫാനെയും നാട് ഏറ്റെടുത്തിരിക്കുകയാണ്.