Onam 2025| പൊന്നോണത്തെ വരവേല്‍ക്കാന്‍ കോഴിക്കോട് ഒരുങ്ങി; നിറഞ്ഞ് കവിഞ്ഞ് മിഠായിത്തെരുവും പാളയം മാര്‍ക്കറ്റും

Jaihind News Bureau
Thursday, September 4, 2025

കോഴിക്കോട്: പൊന്നോണത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഇന്ന് ഉത്രാടപ്പാച്ചിലിലാണ്. സദ്യവട്ടങ്ങള്‍ക്കുള്ള സാധനങ്ങളും, ഓണപ്പൂക്കളും, പുത്തനുടുപ്പുകളും വാങ്ങാന്‍ കോഴിക്കോട് നഗരത്തിലെ വിപണന കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ മിഠായിത്തെരുവ്, പാളയം മാര്‍ക്കറ്റ്, മാനാഞ്ചിറ എന്നിവിടങ്ങളെല്ലാം ജനങ്ങളെക്കൊണ്ട് നിറഞ്ഞു. കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം വിലക്കുറവിന്റെ മഹാമേള കൂടിയാണ് ഓണക്കാലം. ഭക്ഷ്യവസ്തുക്കളും തുണിത്തരങ്ങളും പൂക്കളും മാത്രമല്ല, ഇലക്ട്രോണിക്‌സ് ഷോപ്പുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഓണം പ്രമാണിച്ച് പല കടകളും അര്‍ദ്ധരാത്രി വരെ പ്രവര്‍ത്തിക്കുന്നുണ്ട്.

മാനാഞ്ചിറയ്ക്ക് ചുറ്റുമുള്ള താല്‍ക്കാലിക ടെന്റുകളില്‍ ചെറുകിട വ്യാപാരികള്‍ കച്ചവടം പൊടിപൊടിക്കുകയാണ്. എന്നാല്‍ കോഴിക്കോട്ടുകാരുടെ സ്വന്തം മിഠായിത്തെരുവിലാണ് പതിവുപോലെ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. പച്ചക്കറികള്‍ക്കും ഓണപ്പൂക്കള്‍ക്കും പാളയം മാര്‍ക്കറ്റില്‍ വലിയ ഡിമാന്‍ഡ് ആയിരുന്നു. പ്രതികൂല കാലാവസ്ഥയെ പോലും അവഗണിച്ച് ഓണത്തെ വര്‍ണ്ണാഭമാക്കാനുള്ള തിരക്കിലായിരുന്നു എല്ലാവരും. ഉത്രാടം കഴിഞ്ഞ് തിരുവോണത്തെ വരവേല്‍ക്കാനുള്ള സന്തോഷവും ഒരുക്കങ്ങളും ഓരോരുത്തരുടെയും മുഖത്ത് പ്രകടമായിരുന്നു.