തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ ഉദ്ഘാടന ധൃതി; പണി തീരാത്ത പാലം; ഒടുവിൽ അപ്രോച്ച് റോഡ് ഉദ്ഘാടനത്തിൽ ഒതുക്കി ആരോഗ്യമന്ത്രിയുടെ ‘തട്ടിക്കൂട്ട്’ പരിപാടി

Jaihind News Bureau
Sunday, March 15, 2026

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് കോഴഞ്ചേരി പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം. പണി പൂർത്തിയാകാത്ത സാഹചര്യത്തിൽ പാലം ഉദ്ഘാടനം ഒഴിവാക്കി, അപ്രോച്ച് റോഡ് മാത്രം ഉദ്ഘാടനം ചെയ്യാൻ ആരോഗ്യമന്ത്രി തീരുമാനിച്ചു. വൈകുന്നേരം അഞ്ചുമണിക്ക് നടത്താനിരുന്ന പാലം ഉദ്ഘാടനം പാതിവഴിയിൽ മുടങ്ങിയതോടെ, രണ്ടരയ്ക്ക് അപ്രോച്ച് റോഡ് മാത്രമായി ഉദ്ഘാടനം ചുരുക്കുകയായിരുന്നു.

പാലം നിർമ്മാണം പൂർത്തിയായെന്നും പെയിന്റിംഗ് മാത്രമാണ് ബാക്കിയുള്ളതെന്നും സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം രാവിലെ മാധ്യമങ്ങളോട് അവകാശപ്പെട്ടിരുന്നു. എന്നാൽ, പാലം ഉദ്ഘാടനം ചെയ്യാൻ കഴിയാത്ത സാഹചര്യം ഈ വാദങ്ങളെ പൂർണ്ണമായും പൊളിക്കുന്നതാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പാലവും അപ്രോച്ച് റോഡും ഒന്നിച്ച് ഉദ്ഘാടനം ചെയ്യുമെന്ന ഫ്ലക്സുകൾ ഇന്നലെ മുതൽ നഗരത്തിൽ നിറഞ്ഞിരുന്നുവെങ്കിലും, അവസാന നിമിഷം പാലം ഉദ്ഘാടനം ഉപേക്ഷിക്കേണ്ടി വരികയായിരുന്നു.

ആറന്മുള മണ്ഡലത്തിലെ വികസന മുരടിപ്പ് മറച്ചുവെക്കാൻ ഇത്തരം ‘തട്ടിക്കൂട്ട്’ ഉദ്ഘാടനങ്ങളാണ് മന്ത്രി നടത്തുന്നതെന്ന് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമോൻ പുത്തൻപുരയിൽ കുറ്റപ്പെടുത്തി. പത്ത് വർഷമായി മണ്ഡലത്തിലെ വികസനം ഇഴഞ്ഞുനീങ്ങുകയാണെന്നും, തെരഞ്ഞെടുപ്പിൽ പരാജയഭീതി ഉള്ളതുകൊണ്ടാണ് മന്ത്രി ധൃതിയിൽ ഇത്തരം നടപടികളിലേക്ക് കടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.