
കോഴിക്കോട്: അര്‍ബുദ രോഗത്തെ തുടര്‍ന്ന് അന്തരിച്ച കൊയിലാണ്ടി എം.എല്‍.എയും സി.പി.എം. നേതാവുമായ കാനത്തില്‍ ജമീലയുടെ ഖബറടക്കം ഇന്ന് (ചൊവ്വാഴ്ച) വൈകിട്ട് അഞ്ചു മണിക്ക് നടക്കും. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ സി.പി.എം. നേതാക്കള്‍ ഏറ്റുവാങ്ങും. വിദേശത്തുള്ള മകന്‍ എത്തിച്ചേരേണ്ടതിനാലാണ് ശനിയാഴ്ച അന്തരിച്ച എം.എല്‍.എയുടെ ഖബറടക്കം ഇന്നത്തേക്ക് മാറ്റിവെച്ചത്.
മൃതദേഹം രാവിലെ എട്ട് മുതല്‍ പത്ത് വരെ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. ഇവിടെ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിച്ചേരും. അതിനുശേഷം, മൃതദേഹം കൊയിലാണ്ടി ടൗണ്‍ ഹാളിലും തലക്കുളത്തൂരിലെ കണ്‍വെന്‍ഷന്‍ സെന്ററിലും ചോയിക്കുളത്തുള്ള വീട്ടിലും പൊതു ദര്‍ശനത്തിനായി എത്തിക്കും.
ആദരസൂചകമായി കൊയിലാണ്ടി ടൗണില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഹര്‍ത്താല്‍ ആചരിക്കും. വൈകുന്നേരം അഞ്ചു മണിക്ക് അത്തോളി കുനിയില്‍ കടവ് ജുമാ മസ്ജിദ് ഖബറിസ്ഥാനിലാണ് ഖബറടക്കം നടക്കുക. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തേക്കും.