രാജ്യത്ത് കൊവിഡ് കേസുകൾ കുതിക്കുന്നതിനിടെ ഹരിദ്വാറിലെ മഹാ കുംഭമേളയില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കൊവിഡ്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കുംഭമേളയിൽ പങ്കെടുത്ത രണ്ടായിരത്തിലേറെ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. 14 ലക്ഷം പേർ ശനി സ്നാന് ചടങ്ങില്‍ പങ്കെടുത്തതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കുംഭമേളക്കെത്തിയ 2,167 പേരാണ് ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ മാത്രം കൊവിഡ് പോസിറ്റീവായത്. കഴിഞ്ഞ 24 മണിക്കൂറിൽ 2,200 കൊവിഡ് കേസുകളാണ് ഉത്തരാഖണ്ഡിൽ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കൊവിഡ് നിരക്കാണ് ഇത്. കൊവിഡ് വ്യാപനം പിടിവിട്ടതോടെ ചില സംഘങ്ങള്‍ മേളയിൽ നിന്ന് മടങ്ങുന്നതായി അറിയിച്ചു. പതിമൂന്ന് സമുദായങ്ങൾ ഉൾപ്പെടുന്ന നിരഞ്ജനി അഖാഡ ശനിയാഴ്ചയോടെ മേളയിൽ നിന്ന് മാറിനിൽക്കുമെന്ന് പറഞ്ഞു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പതിനായിരക്കണക്കിനാളുകളാണ് ഗംഗയില്‍ സ്നാനം ചെയ്യാനായി ദിനം പ്രതി എത്തുന്നത്. കുംഭമേളയുമായി ബന്ധപ്പെട്ട് ഹരിദ്വാർ ജില്ലയിലെ ചില ഭാഗങ്ങളിൽ 2,167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നുവെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. ഏപ്രിൽ 10 മുതൽ ആൻ്റിജൻ, ആർടി പിസിആർ, ട്രൂനാറ്റ് എന്നിവയുൾപ്പെടെ 2,28,650 പരിശോധനകൾ നടത്തിയെന്നും വ്യക്തമാക്കുന്നുണ്ട്. മധ്യപ്രദേശിൽ നിന്നുള്ള മഹാ നിർവാണ അഖാഡ നേതാവ് സ്വാമി കപിൽദേവ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ആൾ ഇന്ത്യ അഖാഡ പരിഷത്ത് നേതാവ് മഹാന്ദ് നരേന്ദ്ര ഗിരിയും കൊവിഡ് പോസിറ്റീവ് ആയിരുന്നു.
കൊവിഡ് കേസുകൾ വർധിക്കുമ്പോഴും കുംഭമേള നേരത്തെ അവസാനിപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഏപ്രിൽ 30വരെ കുംഭമേള തുടരുമെന്ന് അധികൃതർ അറിയിച്ചു. കുംഭമേള നേരത്തെ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് തനിക്ക് യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്ന് ഹരിദ്വാര്‍ ജില്ലാ മജിസ്ട്രേറ്റും കുംഭമേള ഓഫീസറുമായ ദീപക് റാവത്ത് പറഞ്ഞു. കൊവിഡ് ബാധയെത്തുടർന്ന് ജനുവരിയില്‍ നടക്കേണ്ടിയിരുന്ന കുംഭമേള ഏപ്രിലിലേക്ക് മാറ്റിവെക്കുകയായിരുന്നു. 2010ൽ നടന്ന കുംഭമേളയില്‍ 1 കോടി 60 ലക്ഷം തീർത്ഥാടകർ ഹരിദ്വാറിൽ എത്തിയെന്നാണ് കണക്കുകൾ.