കൊട്ടിയൂര്‍ പീഡനം : പ്രതി റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കണം ; അനുമതി തേടി പെണ്‍കുട്ടി സുപ്രീംകോടതിയില്‍

Jaihind Webdesk
Saturday, July 31, 2021

ന്യൂഡല്‍ഹി: കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിയായ മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി പെണ്‍കുട്ടി സുപ്രീംകോടതിയെ സമീപിച്ചു. തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് പെണ്‍കുട്ടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്. ഹർജി തിങ്കളാഴ്ച്ച പരിഗണിക്കും.

ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് പ്രതിയുമായി ഉണ്ടായിരുന്നതെന്ന് ഇര നേരത്തെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇരയേയും കുഞ്ഞിനെയും സംരക്ഷിച്ചുകൊള്ളാമെന്ന് ഫാ. റോബിന്‍ വടക്കുംചേരിയും ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വാദം ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് എതിരെയാണ് ഇര സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

തനിക്കും കുഞ്ഞിനും റോബിന്‍ വടക്കുംചേരിക്ക് ഒപ്പം താമസിക്കാന്‍ അവസരം ഒരുക്കണമെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹത്തിനായി റോബിന്‍ വടക്കുംചേരിക്ക് ജാമ്യം അനുവദിക്കണം എന്നതാണ് ഹര്‍ജിയിലെ മറ്റൊരു ആവശ്യം. അഭിഭാഷകന്‍ അലക്‌സ് ജോസഫാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.