കോട്ടയം പഴയിടം ഇരട്ടക്കൊലപാതക്കേസ്; പ്രതിക്ക് വധശിക്ഷ

Jaihind Webdesk
Friday, March 24, 2023

കോട്ടയം:  പഴയിടം ഇരട്ടക്കൊലപാതകം കേസിൽ പ്രതിക്ക് വധശിക്ഷ. കോട്ടയം മണിമല ചൂരപ്പാടി അരുൺ ശശിയ്ക്കാണ് (39) കോട്ടയം അഡീഷണൽ സെക്ഷൻസ് കോടതി (2) വധശിക്ഷ വിധിച്ചത്. പ്രതിയുടെ പിതൃ സഹോദരിയെയും, ഭർത്താവിനെയും മൃഗീയമായി കൊലപ്പെടുത്തിയ കേസിലാണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഏറ്റവും
കടുത്ത ശിക്ഷ പ്രതിക്ക് ലഭിച്ചിരിക്കുന്നത്. സംരക്ഷിക്കേണ്ട ആൾ തന്നെ ക്രൂരമായ കൊല നടത്തിയെന്ന് കോടതിയുടെ നിരീക്ഷിച്ചു. രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണം. കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി 2 ആണ് വിധി പുറപ്പെടുവിച്ചത്.

2013 ആഗസ്റ്റ് 28നു രാത്രിയിലാണ് പഴയിടം തീമ്പനാൽ വീട്ടിൽ തങ്കമ്മയെയും ഭർത്താവ് ഭാസ്‌കരൻനായരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തങ്കമ്മയ്ക്ക് 68 ഉം ഭാസ്കരൻ നായർക്ക് 71 ഉം വയസായിരുന്നു പ്രായം. ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റായിരുന്നു ഇരുവരുടെയും മരണം . കൊല്ലപ്പെട്ട തങ്കമ്മയുടെ ബന്ധുവായിരുന്ന അരുൺ ശശിയാണ് കൊലപാതകം നടത്തിയതെന്ന് ഒരു മാസത്തിനു ശേഷമാണ് പൊലീസ് കണ്ടെത്തിയത്. ആഡംബര ജീവിതത്തിന് പണം കണ്ടെത്താനായിരുന്നു കൊലപാതകം എന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി.