കോട്ടക്കുന്നില്‍ വീണ്ടും മണ്ണിടിയാന്‍ സാധ്യത

Jaihind News Bureau
Thursday, August 15, 2019

മണ്ണിടിച്ചിലുണ്ടായി മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ കോട്ടക്കുന്നില്‍ വീണ്ടും അപകട മുന്നറിയിപ്പ്. പ്രദേശം പരിശോധിച്ച ജിയോളജി വകുപ്പാണ് തുടര്‍ച്ചയായുള്ള മഴ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. പ്രദേശത്തുള്ള അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുമെന്ന് നഗരസഭയും വ്യക്തമാക്കി.

മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്തിനടുത്ത് വിള്ളല്‍ കണ്ടെത്തിയതായി ജിയോളജി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ജിയോളജി – റവന്യൂ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് പരിശോധന നടത്തി. കോട്ടക്കുന്നിന്റെ പടിഞ്ഞാറ്, വടക്ക് ഭാഗങ്ങള്‍ വാസയോഗ്യമല്ലെന്ന് പരിശോധനക്ക് ശേഷം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴിയണമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.  അനുമതിയില്ലാതെ കോട്ടക്കുന്നിന്റെ പരിസരങ്ങളില്‍ ഉള്ള കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ സി.എ ജമീല അറിയിച്ചു. നിര്‍മാണപ്രവര്‍ത്തികള്‍ നിര്‍ത്തിവെപ്പിക്കുമെന്നും അവര്‍ സൂചിപ്പിച്ചു. പ്രദേശത്ത് നിന്ന് നാല്‍പതോളം കുടുംബങ്ങളെ ഒഴിപ്പിച്ചെന്നും നഗരസഭ അധികൃതര്‍ വ്യക്തമാക്കി.