കൂളിമാട് പാലം തകര്‍ന്നുവീണ സംഭവം : വിശദമായ പരിശോധന നടത്തണമെന്ന് വിജിലൻസ് വിഭാഗം

Jaihind Webdesk
Wednesday, May 18, 2022

കോഴിക്കോട് കൂളിമാട് നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നുവീണ സംഭവത്തില്‍ പിഡബ്ല്യൂഡി വിജിലന്‍സ് വിഭാഗം പരിശോധന നടത്തി. കൂടുതൽ വിശദമായ പരിശോധന നടത്തണമെന്ന് വിജിലൻസ് വിഭാഗം വ്യക്തമാക്കി. നിർമ്മാണ പ്രവർത്തനത്തിൽ ഭാഗമായ വരുടെ ഉൾപ്പെടെ വിശദീകരണം കേൾക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

രണ്ടാം പിണറായി സർക്കാരിന്‍റെ  ഒന്നാം വാർഷികാഘോഷം സമുചിതമായി കൊണ്ടാടാൻ ഉള്ള തീരുമാനത്തിനിടെയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ സ്വന്തം ജില്ലയായ കോഴിക്കോട് നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നു വീണത്. തൊഴിലാളികൾക്ക് ആർക്കുംതന്നെ അപകടം സംഭവിച്ചിരുന്നില്ല. അതേസമയം പാലത്തിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. രണ്ട് വർഷം മുമ്പ് ആരംഭിച്ച പാലത്തിന്റെ നിർമ്മാണപ്രവർത്തി ഏറെകുറെ പൂർത്തിയാകുന്ന ഘട്ടത്തിലാണ്

പാലത്തിന്‍റെ ഭീമുകൾ തകർന്നത്. ഇതേ തുടർന്ന് പിഡബ്ല്യുഡി വിജിലൻസ് വിഭാഗം പരിശോധന നടത്തി. വിശദമായ പരിശോധന ആവശ്യമാണെന്നും നിർമ്മാണ പ്രവർത്തിയുടെ ഭാഗമായവരുടെ ഉൾപ്പെടെ വിശദീകരണം കേട്ട ശേഷമാകും അന്തിമ റിപ്പോർട്ട് തയ്യാറാക്കുക എന്നും അന്വേഷണ സംഘം വ്യക്തമാക്കി.

പാലത്തിന്‍റെ മലപ്പുറം ഭാഗത്തെ മൂന്ന് ബീമുകൾ നീക്കി സ്ഥാപിക്കുന്നതിനിടെ ഹൈഡ്രോളിക്ക് ജാക്കി യുടെ സാങ്കേതിക തകരാർ മൂലം ചെരിയുകയും അത് മറ്റ് ബീമുകൾ കൂടെ തകരാൻ കാരണമാവുകയുമാണ് ഉണ്ടായതെന്നാണ് നിർമ്മാണ പ്രവർത്തി ഏറ്റെടുത്തു ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി യുടെ ഔദ്യോഗിക വിശദീകരണം. 2019 മാർച്ചിലായിരുന്നു പാലം നിർമാണപ്രവൃത്തി തുടങ്ങിയിരുന്നത്.