ടീമിന്റെ പരിശീലകന്‍ തന്നെ വിധികര്‍ത്താവായി എത്തിയതിനെ തുടര്‍ന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ കൂടിയാട്ടവേദിയില്‍ സംഘര്‍ഷം. വിധികര്‍ത്താവിനെ മാറ്റിയില്ലെങ്കില്‍ തങ്ങള്‍ മത്സരം ബഹിഷ്‌കരിക്കുമെന്ന് പതിനഞ്ച് ടീമുകള്‍ ഭീഷണി മുഴക്കി. വിദ്യാർഥികൾ പ്രകടനം നടത്തിയതിനെ തുടർന്ന് മത്സരം റദ്ദാക്കിയതായി സംഘാടകർ അറിയിച്ചു. എന്നാൽ, മത്സരം റദ്ദാക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് മത്സരാർഥികൾ മേക്കപ്പോടെ തന്നെ വേദിയിൽ കുത്തിയിരുന്ന് സമരം നടത്തുകയാണ്. ആകെ പതിനേഴ് ടീമുകളാണ് മത്സരിക്കാനുണ്ടായിരുന്നത്.
വിധികര്‍ത്താവായി എത്തിയ കലാമണ്ഡലം കനകകുമാറിനെതിരേയാണ് മറ്റ് പതിനഞ്ച് ടീമുകളും പരാതി ഉന്നയിച്ചത്. പൈങ്കുളം നാരായണ ചാക്യാര്‍ പരിശീലിപ്പിക്കുന്ന ടീമുകളാണ് പരാതിയുമായി രംഗത്തെത്തിയത്. തങ്ങള്‍ രണ്ട് ദിവസം മുന്‍പ് തന്നെ കനകകുമാറിനെതിരേ പരാതി നല്‍കിയിരുന്നെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. എന്നാല്‍, പരാതി ലഭിച്ചിട്ടും കനകകുമാര്‍ വിധികര്‍ത്താവായി എത്തിയതോടെയാണ് മത്സരവേദിയായ ടി.ഡി.എച്ച്.എസ്.എസില്‍ വിദ്യാര്‍ഥികള്‍ മേക്കപ്പോടെ തന്നെ പ്രതിഷേധവുമായി രംഗത്തുവന്നത്.
എന്നാല്‍, മത്സരം നടക്കട്ടെയെന്നും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇടപെടാമെന്നുമായിരുന്നു ഡി.ഡി.യുടെ വിശദീകരണം. എന്നാല്‍, ഇതില്‍ തൃപ്തരാവാത്ത വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടര്‍ന്നു. കനകകുമാര്‍ വിധികര്‍ത്താക്കളുടെ സീവില്‍ നിന്ന് മാറാന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിയുമായി സ്‌റ്റേജിന് മുന്നില്‍ നിലയുറപ്പിച്ചു. ഒടുവില്‍ അധികൃതവര്‍ ഒടുവില്‍ കനകകുമാറിനെ ഒരു മുറിയിലേയ്ക്ക് മാറ്റുകയായിരുന്നു. എങ്കിലും വൈകീട്ട് അഞ്ച് മണി കഴിഞ്ഞിട്ടും മത്സരങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞരുന്നില്ല.
കനകകുമാറിന്റെ കീഴില്‍ അഭ്യസിക്കുകയും പിന്നീട് പൈങ്കുളത്തിന്റെ അടുത്തേയ്ക്ക് മാറുകയും ചെയ്ത വിദ്യാര്‍ഥികളും പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. കനകകുമാര്‍ തങ്ങളെ പലതരത്തിലും പീഡിപ്പിക്കാറുണ്ടായിരുന്നെന്നും ഇക്കഴിഞ്ഞ ജില്ലാ കലോത്സവത്തില്‍ നങ്ങ്യാര്‍ക്കൂത്തിന്റെ വിധികര്‍ത്താവായിരുന്നു കനകകുമാര്‍ തങ്ങള്‍ക്ക് ബി ഗ്രേഡ് മാത്രമാണ് നല്‍കിയതെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. സംസ്ഥാന കലോത്സവത്തില്‍ എത്തിയാലും ബി ഗ്രേഡ് മാത്രമേ നല്‍കുകയുള്ളൂവെന്ന് ഭീഷണി മുഴക്കിയതായും വിദ്യാര്‍ഥികള്‍ പറഞ്ഞു