അന്‍വറിന്‍റെ പാർക്കിന് ലൈസന്‍സ് പുതുക്കി നല്‍കി കൂടരഞ്ഞി പഞ്ചായത്ത്; നടപടിക്രമങ്ങള്‍ പാലിക്കാതെയെന്ന് ആക്ഷേപം

Jaihind Webdesk
Thursday, February 8, 2024

 

മലപ്പുറം: ഉന്നതതല ഇടപെടലില്‍ നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്‍റെ കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസ് പുതുക്കി നൽകി കൂടരഞ്ഞി പഞ്ചായത്ത്. ഫീസ് കുടിശികയിനത്തിലെ 7 ലക്ഷം രൂപ ഈടാക്കിയാണ് ലൈസൻസ് പുതുക്കി നൽകിയത്.

അന്‍വറിന്‍റെ പാർക്കിന് ലൈസൻസ് അനുവദിച്ചത് നടപടികളൊന്നും പാലിക്കാതെയാണെന്ന് ആരോപണം ശക്തമാണ്. ഏഴു ലക്ഷം രൂപ ലൈസൻസ് ഫീസ് ഈടാക്കി കൂടരഞ്ഞി ഗ്രാമപഞ്ചായത്താണ് ലൈസൻസ് അനുവദിച്ചത്. ലൈസൻസ് നേടുന്നതിനായി റവന്യൂ റിക്കവറി കുടിശികയായ 2.5 ലക്ഷം രൂപയും വില്ലേജ് ഓഫീസിൽ അടച്ചു. പാർക്കിന് അനുമതി നൽകിയത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് കൂടരഞ്ഞി പഞ്ചായത്ത് ലൈസൻസ് അനുവദിച്ചത്. 2024 മാർച്ച് 31 വരെയാണ് ലൈസൻസ് പുതുക്കിയിട്ടുള്ളത്. പഞ്ചായത്ത് ലൈസൻസ് ഇല്ലാതെയാണ് പാർക്ക് പ്രവർത്തിക്കുന്നതെന്ന വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കുട്ടികളുടെ പാർക്കിന് മാത്രമാണ് നിലവിൽ അനുമതി നൽകിയിട്ടുള്ളതെന്നും യന്ത്രങ്ങൾ പ്രവർത്തിക്കാനോ റൈഡുകൾക്കോ അനുമതി നൽകിയിട്ടില്ലെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.

കേരള നദീ സംരക്ഷണ സമിതി മുൻ ജനറൽ സെക്രട്ടറി പി.വി. രാജനാണ് പാർക്കിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഈ പ്രദേശം കുത്തനെ ചരിവുള്ള ഒരു പ്രദേശമായതിനാൽ തന്നെ ഇവിടെ മണ്ണിടിച്ചിലിനും മറ്റും സാധ്യതയുണ്ട്. കൂടരഞ്ഞി പഞ്ചായത്തിലെ അതീവ അപകട സാധ്യതയുള്ള മേഖലയിൽ ജിയോളജി ഡിപ്പാർട്ട്മെന്‍റിന്‍റെ കൃത്യമായ അനുമതിയില്ലാതെ കുന്നിടിച്ചു നിരത്തിയാണ് വാട്ടർ തീം പാർക്ക് നിർമ്മിച്ചതെന്നാണ് ഹര്‍ജിക്കാരന്‍റെ പരാതി. ലൈസൻസ് ഇല്ലാത്ത പാർക്ക് അടച്ചുപൂട്ടണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.