കൊലക്കേസ് പ്രതിയെ കുത്തി കൊന്ന കേസിലെ പ്രതികൾ കൊച്ചിയിൽ പിടിയില്‍

Jaihind News Bureau
Wednesday, June 24, 2020

കൊല്ലം കുണ്ടറയിൽ കൊലക്കേസ് പ്രതിയെ കുത്തി കൊന്ന കേസിലെ പ്രതികൾ കൊച്ചിയിൽ പിടിയിലായി. പ്രജീഷ്, ബിന്‍റോ എന്നിവരെയാണ് ഇടപ്പള്ളിയിൽ വെച്ച് എളമക്കര പൊലീസ് പിടികൂടിയത്.

കുണ്ടറ പേരയത്ത് നടുറോഡിൽ വച്ച് ഗുണ്ടയെ കുത്തി കൊന്ന സംഭവത്തിലെ പ്രതികളായ പ്രജീഷ്, ബിന്‍റോ സാബു എന്നിവരാണ് വാഹനപരിശോധനയ്ക്കിടെ കൊച്ചിയിൽ പിടിയിലായത്. ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതിയായ സക്കീർ ബാബുവാണ് കൊല്ലപ്പെട്ടത്. സക്കീർ ബാബുവിനെ കുത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പ്രതികളെ കൊച്ചിയിൽ നിന്നും കൊല്ലം കുണ്ടറ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നു.

ഇന്നലെ മുതൽ പ്രജീഷ് ഒളിവിലായിരുന്നു.

മുപ്പത്തി​നാലുകാരനായ ഷക്കീര്‍ ബാബുവെന്ന യുവാവാണ് കൊല്ലപ്പെട്ടത് ഇയാൾ ഒരാഴ്ച മുൻപാണ് ഒരു കേസിൽ ജാമ്യത്തിൽ ഇറങ്ങിയത്. മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് പ്രജീഷ് കൊല നടത്തി​യത്. പ്രതികളെ കുണ്ടറ പോലീസ് ചോദ്യം ചെയ്തുവരുകയാണ്.

പ്രജീഷിന്‍റെ ബന്ധുവായ പെൺകുട്ടിയെ സക്കീർ ശല്യം ചെയ്തതാണ് തർക്കത്തിനു തുടക്കം. ഇത് ചോദ്യം ചെയ്ത പ്രജീഷിനെ സക്കീറും സംഘവും കാറിൽ തട്ടികൊണ്ടു പോയി മർദിച്ചു. കുണ്ടറ പൊലീസ് അറസ്റ്റു ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു. മൂന്നുമാസങ്ങൾക്ക് ശേഷം സ്വാഭാവിക ജാമ്യത്തിൽ പുറത്തിറങ്ങിയ സക്കീർ പേരയത്ത് ജിം നടത്തുന്ന പ്രജീഷിനെ അവിടെ കയറി ആക്രമിച്ചു. ഇതോടെ സക്കീർ വീണ്ടും ജയിലിലായി. ഒരാഴ്ച മുൻപ് ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടി പുറത്തിറങ്ങി.

വൈകുന്നേരം സക്കീർ പ്രജീഷിനെ വീണ്ടും ആക്രമിച്ചു. കുതറി ഓടിയ പ്രജീഷ് വീട്ടിൽ നിന്നും കത്തിയുമായി മടങ്ങിയെത്തി സക്കീറിനെ കുത്തി വീഴ്ത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.