നവാഗത എംപിമാരെ ‘പാഠം പഠിപ്പിച്ച്’ എന്‍.കെ. പ്രേമചന്ദ്രന്‍; പാർലമെന്‍റില്‍ അധ്യാപകനായി കൊല്ലം എംപി

Jaihind Webdesk
Sunday, August 11, 2024

 

ന്യൂഡൽഹി: പതിനെട്ടാം ലോക്സഭയിലെ നവാഗത എംപിമാർക്ക് അധ്യാപകനായി കൊല്ലം എംപി എന്‍.കെ. പ്രേമചന്ദ്രന്‍. പാർലമെന്‍റ് മന്ദിരത്തിലെ മെയിൻ കമ്മിറ്റി ഹാളാണ് ക്ലാസ് മുറി ആയത്. ഇരുനൂറോളം നവാഗത പാർലമെന്‍റ് അംഗങ്ങള്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ മുന്നില്‍ വിദ്യാർത്ഥികളായി.

പതിനെട്ടാം ലോക്‌സഭയിൽ പുതുതായെത്തിയ അംഗങ്ങൾക്കുള്ള പരിശീലന പരിപാടിയിലാണ് മുതിർന്ന അംഗം പ്രേമചന്ദ്രന് അധ്യാപകനാകാനുള്ള നിയോഗമുണ്ടായത്.  വെള്ളിയാഴ്ച രാത്രി എട്ടു മണി മുതൽ 10.30 വരെയായിരുന്നു പരിശീലന ക്ലാസ്. നിയമനിർമ്മാണ പ്രക്രിയയെക്കുറിച്ചും ബജറ്റ് നടപടിക്രമങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിച്ചു.

മികച്ച പാർലമെന്‍റേറിയനായി പേരെടുത്തിട്ടുള്ള എന്‍.കെ. പ്രേമചന്ദ്രൻ ആ മികവിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ അംഗങ്ങളെ പഠിപ്പിക്കാൻ നിയോഗിക്കപ്പെട്ടത്. വിവിധ സംസ്ഥാനങ്ങളിൽ മന്ത്രിയും എംഎൽഎയുമായിരുന്നവരും പങ്കെടുത്തു. സ്പീക്കർ ഓം ബിർള പരിശീലന സെഷന്‍ ഉദ്ഘാടനം ചെയ്തു.