കൊല്‍ക്കത്ത വിഷയത്തില്‍ ഗവര്‍ണര്‍ വിശദീകരണം തേടി: മുഖ്യമന്ത്രി മമതാ ബാനര്‍ജി സത്യാഗ്രഹം തുടരുന്നു; തര്‍ക്കം സുപ്രീം കോടതിയിലേക്ക്

Jaihind Webdesk
Monday, February 4, 2019

Mamatha-Banerjee

കൊല്‍ക്കത്തയിലെ നാടകീയ സംഭവവികാസങ്ങളില്‍ ഗവര്‍ണര്‍ വിശദീകരണം തേടി. ചീഫ് സെക്രട്ടറിയിൽ നിന്നും ഡി.ജി.പിയിൽ നിന്നും വിവരങ്ങൾ തേടിയെന്ന് പശ്ചിമബംഗാൾ ഗവർണർ കെ.എൻ ത്രിപാഠി അറിയിച്ചു. മുഖ്യമന്ത്രി മമതാ ബാനർജി ഇന്നലെ രാത്രി മുതല്‍ സത്യാഗഹം ആരംഭിച്ച സാഹചര്യത്തില്‍ സോളിസിറ്റർ ജനറൽ വിഷയം സുപ്രീം കോടതിയിൽ പരാമർശിക്കും. ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിലാണ് വിഷയം ഉന്നയിക്കുക. മനു അഭിഷേക് സിംഗ്‌വി ബംഗാൾ സർക്കാറിന് വേണ്ടി ഹാജരാകും. അതേസമയം മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്നലെ രാത്രി തുടങ്ങിയ സത്യാഗ്രഹം ഇന്നും തുടരുകയാണ്. മമതയോടൊപ്പം നിരവധി മന്ത്രിമാരും പാര്‍ട്ടി പ്രവര്‍ത്തകരും മെട്രോചാനലിലെ സമരപന്തലിലുണ്ട്. ഭരണഘടനയെ സംരക്ഷിക്കുക എന്ന ആവശ്യവുമായി കൊൽക്കത്ത മെട്രോ ചാനലിലാണ് മമതാ ബാനർജി സത്യാഗ്രഹമിരിക്കുന്നത്.

സംസ്ഥാനത്തിനുമേലുള്ള കേന്ദ്രസര്‍ക്കാരിന്‍റെ കടന്നുകയറ്റമാണ് സി.ബി.ഐയെ ഉപയോഗിച്ച് നടത്തുന്നതെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചു. മതിയായ രേഖകളില്ലാതെയാണ് സി.ബി.ഐ പരിശോധനയ്ക്കെത്തിയത്. മോദിയും അമിത്ഷായും ബംഗാളിനെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നു. അജിത് ഡോവലിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് സി.ബി.ഐ സംസ്ഥാനത്തിനെതിരെ നീങ്ങുന്നതെന്നും മമത പറഞ്ഞു. നരേന്ദ്ര മോദി ബംഗാളിൽ ഭരണഘടനാ അട്ടിമറിക്ക് ശ്രമിക്കുകയാണെന്നും മമതാ ബാനര്‍ജി ആരോപിച്ചു.

അതേസമയം ചിട്ടി തട്ടിപ്പ് കേസിലെ അന്വേഷണം ബംഗാൾ സർക്കാർ തടഞ്ഞുവെന്ന പരാതിയുമായാണ് സി.ബി.ഐ സുപ്രീം കോടതിയെ സമീപിക്കുന്നു. കേസിലെ തെളിവുകൾ കൊൽക്കത്ത കമ്മീഷണർ രാജീവ് കുമാർ നശിപ്പിച്ചെന്നും ഇടക്കാല സി.ബി.ഐ ഡയറക്ടർ എം നാഗേശ്വര റാവു ആരോപിച്ചു.

കൊല്‍ക്കത്തയില്‍ ശാരദാ ചിട്ടി ഫണ്ട് കേസുമായി പോലീസ് കമ്മീഷണറുടെ വീട് പരിശോധനക്കെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവവികാസങ്ങള്‍ക്ക് തുടക്കമായത്. കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്‍റെ വീട് റെയ്ഡ് ചെയ്യാനെത്തിയ അഞ്ച് സി.ബി.ഐ ഉദ്യോഗസ്ഥരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതിയില്ലാതെ കമ്മീഷണറെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് നിയമം നിലനില്‍ക്കുന്നതിനിടെയായിരുന്നു സി.ബി.ഐ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്‍റെ വസതിയില്‍ അതിക്രമിച്ച് കടന്ന് അറസ്റ്റിന് മുതിര്‍ന്നത്. സംസ്ഥാന – കേന്ദ്ര ബന്ധങ്ങള്‍ സംബന്ധിച്ച അധികാര പരിധിയെ സംബന്ധിച്ച് കൃത്യമായ നിര്‍വചനം നിലനില്‍ക്കുന്നതിനിടെയായിരുന്നു കേന്ദ്ര ഏജന്‍സിയായ സി.ബി.ഐയുടെ നടപടി.

സംസ്ഥാനത്തിന്‍റെ അധികാരപരിധിയെ മാനിക്കാത്ത നീക്കങ്ങളാണ് കേന്ദ്രത്തില്‍ നിന്നുണ്ടായതെന്ന് ആരോപിച്ച് മറ്റ് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. ബംഗാളിലെ സംഭവങ്ങൾ ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിന്‍റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാൾ, ഒമർ അബ്ദുള്ള, തേജസ്വി യാദവ്, എം കെ സ്റ്റാലിൻ, ശരത് പവാർ, ചന്ദ്രബാബുനായിഡു തുടങ്ങിയ പ്രതിപക്ഷ നേതാക്കളും മമതയെ പിന്തുണച്ചെത്തി.