‘അന്വേഷണം പടരുമ്പോൾ ഞങ്ങൾ മതങ്ങളിലേക്ക് ചുരുങ്ങും’; ട്രോളുകളില്‍ നിറഞ്ഞ് കോടിയേരി

Jaihind News Bureau
Friday, September 18, 2020

 

മന്ത്രി കെ.ടി ജലീലിനും സർക്കാരിനുമെതിരെ നടക്കുന്നത് ഖുർആന്‍ വിരുദ്ധ പ്രക്ഷോഭമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയ്ക്കെതിരെ ട്രോള്‍ വർഷം. ‘നിങ്ങൾ മതത്തിലേക്ക് ചുരുങ്ങുമ്പോൾ ഞങ്ങൾ മനുഷ്യരിലേക്ക് പടരും എന്ന് പറഞ്ഞത് നിങ്ങളല്ലേ.?, ആ കൊണ്ടുവന്നത് ഖുർആൻ അല്ലായിരുന്നെങ്കിൽ എന്തു പറഞ്ഞേനെ’ എന്നിങ്ങനെയാണ് സമൂഹമാധ്യമങ്ങളിലെ ചോദ്യം.

കോടിയേരിയുടെ പ്രസ്താവനയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമർശനമാണുയരുന്നത്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലും അഴിമതിയിലും മാനം നഷ്ടമായ സര്‍ക്കാരിന്‍റെ മുഖം രക്ഷിക്കാനായി ശുദ്ധവര്‍ഗീയത പറയുകയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ഇത് ആപല്‍ക്കരമാണ്. മതനിരപേക്ഷത തകര്‍ക്കുന്ന അപകടരമായ നീക്കമാണ് സി.പി.എം നടത്തുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും സംശയത്തിന്‍റെ നിഴലിലാണ്. ജനങ്ങള്‍ക്ക് ഈ സര്‍ക്കാരില്‍ പൂര്‍ണ്ണമായും വിശ്വാസം നഷ്ടപ്പെട്ടു.സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന സമരങ്ങള്‍ക്ക് ജനപിന്തുണ കിട്ടുന്നതിന്‍റെ അങ്കലാപ്പിലാണ് കോടിയേരി പിച്ചും പേയും വിളിച്ച് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളം സമീപകാലത്ത് കണ്ട ഏറ്റവും അപകടകരമായ പൊളിറ്റിക്കൽ ക്യാംപെയിൻ എന്നാണ്  കോടിയേരിയുടെ വാക്കുകളെ വി.ടി ബല്‍റാം എംഎല്‍എ വിശേഷിപ്പിച്ചത്.