നീറ്റ് : മലയാളി വിദ്യാര്‍ത്ഥികളുടെ പരീക്ഷ സെന്‍ററുകള്‍  കേരളത്തില്‍ തന്നെ ക്രമീകരിക്കണം ; കേന്ദ്ര ആരോഗ്യമന്ത്രിയോട് കൊടിക്കുന്നില്‍ സുരേഷ് എം.പി

 

ന്യൂഡല്‍ഹി : കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നീറ്റ് പരീക്ഷ കേരളത്തില്‍ തന്നെ എഴുതാന്‍ സെന്‍ററുകള്‍ ക്രമീകരിക്കാന്‍ വേണ്ട നടപടികള്‍ എടുക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹര്‍ഷവര്‍ദ്ധനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മാറ്റിവെച്ച നീറ്റ് പി.ജി പരീക്ഷയുടെ സെന്‍ററുകള്‍ കര്‍ണ്ണാടകത്തിലും തമിഴ്നാട്ടിലുമായിട്ടാണ് ക്രമീകരിച്ചിരുന്നത്. എന്നാല്‍ കൊവിഡിന്‍റെ രണ്ടാം വരവില്‍ എങ്ങനെ അയല്‍ സംസ്ഥാനങ്ങളില്‍ പോയി അവിടുത്തെ കൊവിഡ് മാനദണ്ഡം പാലിച്ച് പരീക്ഷ എഴുതാന്‍ എന്ന് രക്ഷകര്‍ത്താക്കള്‍ ആശങ്കപ്പെട്ട് നില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ നീറ്റ് പി.ജി പരീക്ഷ മാറ്റി വെച്ചത്.

കൊവിഡ് രണ്ടാംവരവ് ഭീകരവും വ്യാപനം അതിവേഗവും ആയതിനാല്‍ തുടര്‍ന്നുവരുന്ന പരീക്ഷകള്‍ക്കെല്ലാം സ്വന്തം സംസ്ഥാനത്ത് പരീക്ഷാ സെന്‍റരുകള്‍ ക്രമീകരിക്കുന്നതായിരിക്കും ഉത്തമമെന്നും എം.പി മന്ത്രിയെ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ ഓരോസംസ്ഥാനത്തും വിവിധ രീതിയിലായതിനാല്‍ ക്വാറന്‍റീന്‍ ഉള്‍പ്പടെ അയല്‍സംസ്ഥാനത്തെ നിയമങ്ങള്‍ വിദ്യാര്‍ത്ഥികളേയും രക്ഷകര്‍ത്താക്കളേയും വലയ്ക്കും, മാത്രമല്ല അയല്‍ സംസ്ഥാനത്ത്  ഇപ്പോള്‍ പരീക്ഷയ്ക്ക് പോകുന്നത് സുരക്ഷിതമല്ലെന്നും എം.പി ചൂണ്ടിക്കാട്ടി.  തുടര്‍ന്നു വരുന്ന നീറ്റ്  പരീക്ഷാ സെന്‍ററുകള്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ തന്നെ ക്രമീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും എം.പി മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

Comments (0)
Add Comment