എംഎം മണിയുടെ ‘നാടൻ ഭാഷ’ മുതൽ കുഞ്ഞനന്തന്‍റെ ‘കരുതൽ’ വരെ; അന്നില്ലാത്ത എന്ത് രാഷ്ട്രീയ ബോധമാണ് എല്‍ഡിഎഫിന് ഇപ്പോൾ വ്രണപ്പെട്ടിരിക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ്

യുഡിഎഫിന്‍റെ വനിതാ ജനപ്രതിനിധികളെയും തോട്ടം തൊഴിലാളി നേതാവ് ഗോമതിയേയും കെ.കെ രമയേയുമെല്ലാം  മോശം പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് ആക്ഷേപിച്ചപ്പോഴും ടിപിയുടെ  കൊലയാളിയെ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും അടക്കം മഹാനാക്കിയപ്പോഴും വ്രണപ്പെടാതിരുന്ന എന്ത് രാഷ്ട്രീയ ബോധമാണ് ഇടതുപക്ഷത്തിന് ഇപ്പോൾ വ്രണപ്പെട്ടിരിക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. പ്രവാസികൾക്കില്ലാത്ത എന്ത് മനുഷ്യാവകാശവും, അഭിമാനവുമാണ് ഒരു ജനാധിപത്യ രാജ്യത്ത് മന്ത്രിക്കുള്ളതെന്നും അദ്ദേഹം ചോദിച്ചു.

കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

എൽ.ഡി.എഫ് കൺവീനർ വിജയരാഘവൻ നിരന്തരം രമ്യ ഹരിദാസിനെ അപമാനിക്കുമ്പോൾ ഇല്ലാത്ത, മൂന്നാറിലെ തോട്ടം തൊഴിലാളി നേതാവ്. ശ്രീമതി ഗോമതിക്കെതിരെ മന്ത്രി എം.എം മണി “നാടൻ ഭാഷയിൽ” ദ്വയാർത്ഥ പ്രയോഗം നടത്തിയപ്പോൾ ഇല്ലാത്ത, ഷാനിമോൾ ഉസ്മാനെ ജി.സുധാകരൻ പൂതന എന്ന് വിളിച്ച് അപമാനിച്ചപ്പോൾ ഇല്ലാത്ത, കെ.കെ രമയെ “ആസ്ഥാന വിധവ” എന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ ഇല്ലാത്ത, ടിപി ചന്ദ്രശേഖരന്‍റെ കൊലയാളിയെ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും അടക്കം മഹാനാക്കിയപ്പോഴും വൃണപ്പെടാതിരുന്ന എന്ത് രാഷ്ട്രീയ ബോധമാണ് ഇടതുപക്ഷത്തിന് ഇപ്പോൾ വൃണപ്പെട്ടിരിക്കുന്നത്..?

പ്രവാസികൾ എന്നാൽ ഈ നാടിന് വേണ്ടി അധ്വാനിക്കുന്ന സ്ത്രീകൾ അടക്കമുള്ളവർ കൂടെയാണ്. അവർക്കില്ലാത്ത എന്ത് മനുഷ്യാവകാശവും, അഭിമാനവുമാണ് ഒരു ജനാധിപത്യ രാജ്യത്ത് മന്ത്രിക്കുള്ളത്.? ജനാധിപത്യത്തിന്‍റെ എല്ലാ സീമകളും ലംഘിച്ച്, വിദേശ രാജ്യങ്ങളിൽ കഷ്ടപ്പെടുന്ന പൗരസമൂഹത്തെ അപമാനിച്ച്, അവരെ വിധിക്ക് വിട്ടു കൊടുക്കാൻ തീരുമാനിക്കുന്ന ഒരു സർക്കാരിനെ ഇത് ജനാധിപത്യമാണെന്നും നിങ്ങൾ രാജാവും റാണിയും അല്ലെന്നും ഓർമിപ്പിക്കേണ്ടത് കെ.പി.സി.സി. പ്രസിഡന്‍റിന്‍റെ ഉത്തരവാദിത്വം തന്നെയാണ്.

സീസണൽ മനുഷ്യാവകാശ നാട്യങ്ങൾ മാറ്റി വെച്ച് എത്രയും വേഗം വിദേശത്ത് കുടുങ്ങിക്കിടക്കുന്ന സ്ത്രീകൾ അടക്കമുള്ളവരെ നാട്ടിൽ എത്തിക്കുക.
#പ്രസിഡന്റിനൊപ്പം

Comments (0)
Add Comment