തൃശൂർ: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയെ ജയില്‍മാറ്റി. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ നിന്ന് മലപ്പുറത്തെ തവനൂര്‍ ജയിലിലേക്കാണ് മാറ്റിയത്. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ ഞായറാഴ്ച നടന്ന ഏറ്റുമുട്ടലിന് പിന്നാലെയാണ് ജയില്‍മാറ്റം.
ജയിലിലെ സംഘർഷത്തില്‍ കൊടി സുനി ഉൾപ്പെടെ 10 തടവുകാർക്കെതിരെ കേസെടുത്തിരുന്നു. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് വിയ്യൂര്‍ പൊലീസ് കേസെടുത്തത്. പ്രതികള്‍ ജയിലില്‍ കലാപത്തിന് ശ്രമിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു. കേസില്‍ സുനി അഞ്ചാം പ്രതിയാണ്.
തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് കൊലക്കേസ് പ്രതികളുമായി ഭക്ഷണത്തെ ചൊല്ലി സുനിയും സംഘവും വാക്കേറ്റമായെന്നും തുടര്‍ന്ന് സംഘര്‍ഷത്തില്‍ കലാശിച്ചുവെന്നുമാണ് പോലീസ് പറയുന്നത്. ഇവരെ ഗാര്‍ഡ് ഓഫീസിലേക്ക് മാറ്റിയതിന് പിന്നാലെ സുനിയുടെ സംഘമെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. സംഘർഷത്തില്‍ മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റിരുന്നു. അതേസമയം കൊടിസുനിയും സംഘവും ആസൂത്രണം ചെയ്തു നടപ്പാക്കിയതാണ് കലാപമെന്നും ആക്ഷേപമുണ്ട്.