കുഴല്‍പ്പണം : പ്രതിയുമായി കൂടിക്കാഴ്ച നടത്തി, മുറി ബുക്ക് ചെയ്തുനൽകിയെന്നും ബിജെപി ജില്ലാ പ്രസിഡന്‍റ്

Jaihind Webdesk
Wednesday, June 2, 2021

തൃശൂർ : കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം ബിജെപിയുടേതല്ലെന്ന് തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ്കുമാർ. പരാതിക്കാരൻ ധർമരാജന് മുറി ബുക്ക് ചെയ്ത് നൽകിയെന്ന് അനീഷ് സമ്മതിച്ചു. ദീപക് ഒഴികെയുള്ള പ്രതികൾക്ക് സിപിഎം പശ്ചാത്തലമാണെന്നും അനീഷ് കുമാർ ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചു.

തൃശൂർ പൊലീസ് ക്ലബ്ബിലെ ചോദ്യം ചെയ്യലിൽ കരുതലോടെയുള്ള മറുപടികളാണ് അനീഷ് നൽകിയത്. ധർമ്മരാജനുമായുള്ള പരിചയം നിഷേധിച്ചില്ല. തെരഞ്ഞെടുപ്പ് സാമഗ്രികളുമായാണ് ധർമ്മരാജൻ തൃശൂരിൽ എത്തിയത് എന്ന സംസ്ഥാന നേതാക്കളുടെ വാദത്തിൽ അനീഷും ഉറച്ച് നിന്നു. ധർമരാജന് മുറി ബുക്ക് ചെയ്ത് നൽകിയിരുന്നു. എന്നാൽ ധർമ്മരാജന്റെ കൈവശം പണമുണ്ടായിരുന്നോ എന്ന കാര്യം അറിയില്ല എന്നും അനീഷ് കൂട്ടി ചേർത്തു.

ദീപക് ബി ജെ പി ബന്ധമുള്ളയാളാണ്. ധർമരാജൻ പരാതി പറഞ്ഞത് അനുസരിച്ചാണ് ദീപക്കുമായി കൂടിക്കാഴ്ച നടത്തിയത്. മറ്റ് പ്രതികൾക്ക് സി പി എം ബന്ധമാണെന്നും അനീഷ് കുമാർ ആരോപിക്കുന്നു. സംഭവം ഉണ്ടായ ശേഷം ബിജെപി സമാന്തര അന്വേഷണം നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് കണ്ണൂരിൽ പോയതെന്നും അനീഷ് വിശദീകരിച്ചു. അതേസമയം ബി ജെ പി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെ സി സി ടിവി പ്രവർത്തന രഹിതമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.