കുഴൽപ്പണക്കേസ് : ധർമരാജനെ വീണ്ടും ചോദ്യംചെയ്യും ; സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഹാജരാക്കാനും നിർദേശം

Jaihind Webdesk
Thursday, June 17, 2021

തൃശൂർ : കൊടകര കുഴൽപ്പണക്കേസില്‍ പരാതിക്കാരൻ ധർമരാജനെ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിച്ചു. ഇന്ന് തൃശൂർ പൊലീസ് ക്ലബ്ബിൽ ഹാജരാകാനാണ് നിർദേശം. കവർച്ച ചെയ്ത പണം തന്റേതാണെന്ന് ധർമരാജൻ പറയുന്ന പശ്ചാത്തലത്തിൽ പണത്തിന്റെ ഉറവിടം സംബന്ധിക്കുന്ന കാര്യങ്ങൾ ചോദിച്ചറിയാനാണ് പൊലീസ് നടപടി. കവർച്ച പണം വീണ്ടെടുക്കാൻ അന്വേഷണ സംഘം ഇന്ന് വീണ്ടും പ്രതികളെ ചോദ്യം ചെയ്യും.

കൊടകരയിൽ കവർച്ച ചെയ്ത പണം തന്‍റേതാണെന്നും പണത്തിന് മറ്റ് അവകാശികൾ ഇല്ലെന്നുയിരുന്നു  ഹർജിയിലെ ധർമ്മരാജന്‍റെ വാദം. എന്നാൽ കർണാടകയിൽ നിന്നും പണം ബി.ജെ.പിക്ക് വേണ്ടി കാെണ്ടുവന്നു എന്നാണ് അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മാെഴി. പണത്തിന്റെ ഉറവിടം സംബന്ധിച്ച വെെരുദ്ധ്യങ്ങളുമായി ബന്ധപ്പെട്ടാണ് അന്വേഷണ സംഘം ധർമരാജനെ വീണ്ടും ചോദ്യം ചെയ്യുക. പണത്തിന്റെ ഉറവിടം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനും നിർദ്ദേശമുണ്ട്.

കവർച്ച തുകയിൽ ബാക്കി വരുന്ന രണ്ടര കോടി കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ജയിലിലെത്തി ആറ് പ്രതികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള കാലാവധി കഴിഞ്ഞതിനാൽ ജയിലിൽ വെച്ചാണ് നിലവിൽ ചാേദ്യം ചെയ്യൽ.