കൊച്ചി കൂട്ടബലാത്സംഗം; പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

Jaihind Webdesk
Tuesday, November 22, 2022

കൊച്ചി: മോഡലായ 19കാരി പെണ്‍കുട്ടിയെ ഓടുന്ന വാഹനത്തില്‍ വെച്ച്‌ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികള്‍ നടത്തിയത് ആസൂത്രിതവും മൃഗീയവുമായ കുറ്റകൃത്യമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഏഴ് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പൊലീസ് സമര്‍പ്പിച്ചത്. എട്ട് സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതികളുടെ ഫോണ്‍ അടക്കമുള്ളവ വരും ദിവസങ്ങളില്‍ പരിശോധിക്കും. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്.

കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുദീപ് ഇരയുടെ സുഹൃത്ത് ഡോളി എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികൾ മുൻപ് സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് തേടുന്നുണ്ട്. ബലാത്സംഗം, ഗൂഢാലോചന, കടത്തിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.