കൊച്ചി ഫ്ലാറ്റ് പീഡനക്കേസ് : പൊലീസ് വീഴ്ച സമ്മതിച്ച് കമ്മീഷണർ ; വകുപ്പുതല അന്വേഷണം നടത്തും

Jaihind Webdesk
Friday, June 11, 2021

കൊച്ചി ഫ്ലാറ്റ് പീഡനക്കേസില്‍ പെൺകുട്ടിയുടെ പരാതി അന്വേഷിക്കുന്നതിൽ പൊലീസിന് ശ്രദ്ധക്കുറവുണ്ടായെന്നും ഇതേ കുറിച്ച് വകുപ്പുതല അന്വേഷണം ഉണ്ടാകുമെന്നും കമ്മീഷണർ സി.എച്ച് നാഗരാജു. മാർട്ടിനെ വൈകിട്ട് കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചു.

മുഖ്യപ്രതി മാർട്ടിൻ ജോസഫ് പരാതിക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തി ക്രൂരമായ ഗാർഹിക പീഡനത്തിനിരയാക്കിയെന്ന്  കമ്മീഷണർ  പറഞ്ഞു. മാർട്ടിനെതിരെ മറ്റൊരു പെൺകുട്ടി ശാരീരിക പീഡനത്തിന് നൽകിയ പരാതിയിൽ രണ്ടാമതൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.  നേരത്തെ ലഹരി മരുന്ന് കേസിലും ഇയാള്‍ പ്രതിയാണ്.

പ്രതിയുടെ ആഡംബര ജീവിതത്തെകുറിച്ചും ഇടപാടുകളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. അതിനിടെ കേസന്വേഷണത്തിൽ തുടക്കത്തിൽ പൊലീസിന് വീഴ്ച്ച സംഭവിച്ചതായി കമ്മീഷണർ തുറന്ന് സമ്മതിച്ചു. വീഴ്ച് സംബന്ധിച്ച് വകുപ്പുതല അന്വേഷണമുണ്ടാകുമെന്നും സി.എച്ച് നാഗരാജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മാർട്ടിൻ ജോസഫിനെ സംരക്ഷിച്ചതിന് 3 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതി ഉപയോഗിച്ച വാഹനങ്ങൾ പോലീസ് കണ്ടെടുത്തു. ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടാൻ സഹായിച്ച നാട്ടുകാരോട് കമ്മീഷണർ നന്ദി അറിയിച്ചു.