കൊച്ചി എടിഎം തട്ടിപ്പ്; ഉത്തർപ്രദേശ് സ്വദേശി പിടിയില്‍

കൊച്ചി: നഗരത്തില്‍ എടിഎം കൊള്ള നടത്തിയ പ്രതി പിടിയില്‍. ഉത്തര്‍ പ്രദേശ് സ്വദേശി മുബാറഖ് ആണ് പിടിയിലായത്. ഇടപ്പള്ളിയില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. പതിനൊന്ന് എടിഎമ്മുകളിലാണ് പ്രതി മോഷണം നടത്തിയത്. 25,000 രൂപയോളമാണ് ഇയാള്‍ കവർന്നത്.

കളമശേരിയിലെ എടിഎമ്മിൽ മുബാറക്ക് കവർച്ച നടത്തുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കളമശേരി, തൃപ്പുണിത്തുറ, പാലാരിവട്ടം എന്നിവിടങ്ങളിലെ എടിഎമ്മുകളില്‍ പ്രതി തട്ടിപ്പ് നടത്തിയിരുന്നു.

മെഷീനില്‍ നിന്ന് പണം വരുന്ന ഭാഗം അടച്ചുവെച്ചാണ് തട്ടിപ്പ് നടത്തിയത്. എടിഎമ്മില്‍ നിന്ന് പണം പുറത്തേക്ക് വരുന്ന ഭാഗം അടച്ചുവെക്കും. ഉപഭോക്താക്കള്‍ എത്തി പണം പിന്‍വലിക്കാൻ ശ്രമിക്കുമ്പോള്‍ തുക പുറത്തേക്ക് വരില്ല. ഏറെ നേരം കാത്തുനിന്ന ശേഷം ഉപഭോക്താവ് മടങ്ങിയ ഉടന്‍ എടിഎമ്മില്‍ കയറുന്ന മോഷ്ടാവ് ഒട്ടിച്ചുവെച്ച സ്ഥലത്ത് നിന്നും പണം എടുത്തുമടങ്ങുകയാണ് ചെയ്യുന്നത്.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി നഗരത്തിലെ പല ഭാഗങ്ങളിലും എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. മെഷീന്‍ തകരാറാണെന്നാണ് ആദ്യം കരുതിയത്. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയില്‍ തട്ടിപ്പ് നടക്കുന്നതായി ബോധ്യമാകുകയും പോലീസില്‍ അറിയിക്കുകയുമായിരുന്നു. ഇതേത്തുടർന്ന് ക​ള​മ​ശേ​രി പോ​ലീ​സ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഇടപ്പള്ളിയില്‍ നിന്ന് പിടികൂടിയത്.;

Comments (0)
Add Comment