VD SATHEESAN| ‘കെ.കെ. ശൈലജയുടെ നടപടി ഒരു അധ്യാപിക ചെയ്യാന്‍ പാടില്ലാത്തത്’- വി.ഡി സതീശന്‍

Jaihind News Bureau
Tuesday, August 5, 2025

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ സിപിഎം പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അതുകൊണ്ടാണ് പ്രതികള്‍ക്ക് എല്ലാ സുരക്ഷയും ജയിലില്‍ ഒരുക്കുന്നതെന്നും പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സിപിഎം സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വ്യാപക അഴിമതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2023ല്‍ അരമനകള്‍ കയറിയിറങ്ങി കേക്ക് നല്‍കിയവര്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളാണെന്ന് അന്ന് പറഞ്ഞിരുന്നുവെന്നും അതിപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കെ.കെ ശൈലജയുടെ നടപടിയില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കാലുവെട്ടിയ പ്രതികള്‍ക്കാണ് സിപിഎം യാത്രയയപ്പ് നല്‍കിയത്. സമുന്നതരായ സിപിഎം നേതാക്കളും പങ്കെടുത്തു. വളര്‍ന്നു വരുന്ന തലമുറയ്ക്ക് നല്‍കുന്ന തെറ്റായ സന്ദേശമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരിക്കലും ഒരു അധ്യാപികയോ, ജനപ്രതിനിധിയോ ചെയ്യാന്‍ പാടില്ലാത്തതാണ് എംഎല്‍എ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.