സൈബർ ആക്രമണ പരാതിയില്‍ മലക്കം മറിഞ്ഞ് കെ.കെ. ശൈലജ | VIDEO

കോഴിക്കോട്: സൈബർ ആക്രമണ പരാതിയിൽ നിന്നും യു ടേൺ അടിച്ച് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ. മോർഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും പോസ്റ്ററെന്നാണ് താന് പറഞ്ഞതെന്നുമായിരുന്നു ശൈലജയുടെ മലക്കം മറിച്ചില്‍.

തനിക്കെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നുണ്ടെന്ന എല്‍ഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയുടെ വെളിപ്പെടുത്തൽ വടകര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വലിയ വിവാദമായിരുന്നു. തന്‍റെ ചിത്രം ചേർത്തുള്ള വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി യുഡിഎഫ് പ്രവർത്തകർ പ്രചരിപ്പിക്കുന്നു എന്നതായിരുന്നു കെ.കെ. ശൈലജയുടെ ആദ്യ ആരോപണം. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്‍റെ അറിവോടെയാണെന്നും കെ.കെ. ശൈലജ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോള്‍ മുമ്പ് പറഞ്ഞതെല്ലാം വിഴുങ്ങിയിരിക്കുകയാണ് ഇടതുസ്ഥാനാർത്ഥി.

തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ എത്തി നിൽക്കുമ്പോഴാണ് കെ.കെ. ശൈലജ മുൻ പ്രസ്താവനയിൽ നിന്നും പിന്മാറിയത്. മോർഫ് ചെയ്ത വീഡിയോ ഉണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നും മോർഫ് ചെയ്ത പോസ്റ്റർ ഉണ്ടെന്നാണ് പറഞ്ഞത് എന്നും കെ.കെ. ശൈലജ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എല്‍ഡിഎഫ് വലിയ വിവാദമുണ്ടാക്കിയ ഈ വിഷയത്തിൽ ഇടതുമുന്നണി തെറ്റായ പ്രചാരണമാണ് നടത്തുന്നതെന്ന് യുഡിഎഫ് നേതാക്കൾ തുടക്കത്തിലേ പറഞ്ഞിരുന്നു.

 

Comments (0)
Add Comment