കെ.കെ രമയെ വിധവയാക്കിയത് പിണറായി വിജയന്‍ ജഡ്ജിയായ പാര്‍ട്ടി കോടതി വിധി; കൊന്നിട്ടും പക തീരാത്ത മനസെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കെ.കെ രമക്കെതിരായ വിധവാ പരാമര്‍ശത്തില്‍ എം.എം മണിയെ ന്യായീകരിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയുടെ പ്രതികരണം ക്രൂരവും നിന്ദ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ടിപിയെ 51 വെട്ടുവെട്ടി കൊന്നിട്ടും അദ്ദേഹത്തിന്‍റെ വിധവയെ പിന്നാലെനടന്ന് സിപിഎം വേട്ടയാടുകയാണ്. കൊന്നിട്ടും പക തീരാത്ത മനസാണ് സിപിഎമ്മിന്‍റേതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കെ.കെ രമക്കെതിരായ എം.എം മണിയുടെ പരാമർശത്തിൽ പ്രതിപക്ഷം നിയമസഭാ കവാടത്തിന് മുന്നിലും ഗേറ്റിന് മുന്നിലും പ്രതിഷേധിച്ചു. ടിപിയുടെ കൊലപാതകം സിപിഎമ്മിന്‍റെ പാര്‍ട്ടി കോടതി നടപ്പാക്കിയ വിധിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പാര്‍ട്ടി കോടതിയില്‍ വിധി പ്രഖ്യാപനം നടത്തിയ ജഡ്ജി കേരളത്തിന്‍റെ മുഖ്യമന്ത്രിയായ പിണറായി വിജയനാണ്. ഇപ്പോഴും കൈയില്‍ ചോരക്കറയുള്ള പിണറായി, കൊന്നിട്ടും പക തീരാതെ മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന് വീണ്ടും അവരെ അപമാനിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

എം.എം മണിയുടെ പരാമർശം ശരിയാണെന്ന നിലപാടാണ് ഭരണപക്ഷത്തിനെന്ന് കെ.കെ രമ എംഎൽഎ പറഞ്ഞു. ആരുടെ രക്തസാക്ഷിത്വമാണെങ്കിലും അധിക്ഷേപിക്കരുത്. എം.എം മണിയുടെ പരാമർശം സഭാ രേഖകളിൽ ഉള്ളത് നിയമസഭയ്ക്ക് അപമാനമാണെന്നും കെ.കെ രമ വ്യക്തമാക്കി. പരാമർശം പിൻവലിക്കാനോ മാപ്പ് പറയാനോ സിപിഎം തയാറാകാത്തതോടെ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.

Comments (0)
Add Comment