കണ്ണൂർ: വടകരയില്‍ വിവാദമായ കാഫിര്‍ പരാമര്‍ശ പോസ്റ്റ് പിന്‍വലിച്ച് സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെ.കെ. ലതിക. വിവാദത്തിന് പിന്നാലെ അവര്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ലോക്ക് ചെയ്തു. പോസ്റ്റ് നീക്കം ചെയ്യാത്ത കെ.കെ. ലതികയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പിന്‍റെ തലേ ദിവസമാണ് കെ.കെ. ലതിക ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. എന്തൊരു വര്‍ഗീയതയാണടോ ഇത്. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും നമ്മുടെ നാട് നിലനില്‍ക്കണ്ടെ- ഇത്ര വര്‍ഗീയത പ്രചരിപ്പിക്കരുത് എന്നായിരുന്നു പോസ്റ്റില്‍ എഴുതിയിരുന്നത്. യൂത്ത് ലീഗ് പ്രവര്‍ത്തകനായ കാസിമിന്‍റെ പേരിലാണ് പോസ്റ്റ് പുറത്തുവന്നത്. താനല്ല പോസ്റ്റ് നിര്‍മ്മിച്ചതെന്ന് ചൂണ്ടിക്കാട്ടി കാസിം റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. ആ സമയത്തൊന്നും കെ.കെ. ലതിക പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നില്ല.
അന്വേഷണത്തിന്‍റെ ഭാഗമായി പോലീസ് ഇവരെ ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പോസ്റ്റ് നിര്‍മ്മിച്ചതില്‍ കാസിമിന് പങ്കില്ലെന്ന് കാണിച്ച് പോലീസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്നാണ് കെ.കെ. ലതിക ഇന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്തത്. അതേസമയം വര്‍ഗീയ പ്രചാരണത്തിന് കൂട്ടുനിന്ന കെ.കെ. ലതികയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കെ.കെ. രമ എംഎല്‍എ ആവശ്യപ്പെട്ടു.