തൊഴുത്തിനേക്കാള്‍ കഷ്ടം കിറ്റെക്സിന്‍റെ ‘മൈക്രോ ഷെല്‍റ്റര്‍’ ; ദുരിതക്കയത്തില്‍ തൊഴിലാളികള്‍

Jaihind Webdesk
Sunday, June 6, 2021

 

കൊച്ചി : എറണാകുളം കിഴക്കമ്പലത്ത് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിലെ തൊഴിലാളികളുടെ ജീവിതം ദുരിതക്കയത്തിൽ. തൊഴിലാളികൾക്ക് താമസിക്കാൻ ആധുനിക സംവിധാനങ്ങളോട് കൂടിയ മൈക്രോ ഷെൽട്ടർ ഒരുക്കിയെന്ന് മേന്മ പറയുന്ന ട്വന്‍റി ട്വന്‍റി ചീഫ് കോഓർഡിനേറ്റർ സാബു ജേക്കബ്ബിന്‍റെ ഉടമസ്ഥതയിലുള്ള കിറ്റെക്സ് കമ്പനിയിലെ തൊഴിലാളികളാണ് ദുരിത ജീവിതം നയിക്കുന്നത്.

എറണാകുളം കിഴക്കമ്പലത്തെയും പരിസര പ്രദേശങ്ങളിലെയും ജീവിത നിലവാരം സ്വർഗതുല്യമാക്കി മാറ്റും എന്ന് നാഴികക്ക് നാൽപ്പത് വട്ടം വിളിച്ചുപറയുന്ന ട്വന്‍റി ട്വന്‍റി എന്ന രാഷ്ട്രീയ കൂട്ടായ്മയുടെ തലവൻ സാബു ജേക്കബിന്‍റെ ഉടമസ്ഥതയിലുള്ള കിറ്റെക്സ് കമ്പനിയിലെ തൊഴിലാളികളാണ് കൊവിഡ് മഹാമാരിയുടെ കാലത്ത് നാൽക്കാലികളേക്കാൾ ദയനീയമായ അവസ്ഥയിൽ ജീവിക്കുന്നത്.

തൊഴിലാളികള്‍ക്ക് താമസിക്കുന്നതിനായി മൈക്രോ ഷെല്‍ട്ടറുകള്‍ ഒരുക്കി നൽകിയിട്ടുണ്ടെന്നാണ് സാബു ജേക്കബ് അവകാശപ്പെടുന്നത്. എന്നാല്‍ ഈ വാദങ്ങള്‍ എല്ലാം പൊള്ളയാണെന്നാണ് കമ്പനിയിലെ തൊഴിലാളികൾ തന്നെ പകർത്തി അയച്ചുതന്ന ചിത്രങ്ങൾ വ്യക്തമാക്കുന്നത്. കാറ്റിലും മഴയിലും ഷെല്‍റ്ററിന്‍റെ മേല്‍ക്കൂര തകര്‍ന്നു. കമ്പനി പ്രവര്‍ത്തിക്കുന്ന സമയമായതിനാലാണ് അന്ന് വലിയ അപകടം ഒഴിവായത്. 1500 ലധികം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ലയത്തില്‍ മലിനജലം പോലും കൃത്യമായ രീതിയില്‍ ഒഴുക്കിവിടുന്നതിന് സൗകര്യങ്ങളില്ലെന്ന് ചിത്രത്തില്‍ വ്യക്തമാക്കുന്നു. താമസ സ്ഥലത്ത് തന്നെയാണ് മലിന ജലം കെട്ടികിടക്കുന്നത്. തൊഴിലാളികള്‍ താമസിക്കുന്ന മുറിക്കുള്ളിലെ കോണ്‍ഗ്രീറ്റ് ചെയ്ത നിലം പൊട്ടിപൊളിഞ്ഞ് വൃത്തിഹീനമായ നിലയിലാണ്. കുളിമുറികളില്‍ നിന്നുള്ള വെള്ളവും കെട്ടിടത്തിന്‍റെ പരിസരത്തേക്ക് തന്നെയാണ് ഒഴുക്കി വിടുന്നത്. മഴക്കാലം എത്തിയതോടെ പകർച്ചവ്യാധികൾ തൊഴിലാളികളെ കീഴടക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.

പഞ്ചായത്തംഗം ഉൾപ്പെടെ നിരവധി തവണ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും കമ്പനി അധികൃതർ ഇതുവരെ കൈക്കൊണ്ടിട്ടില്ല. ലേബർ കമ്മീഷൻ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം. കമ്പനി ഉടമയെ ഭയന്ന് തൊഴിലാളികൾ ആരും തങ്ങളുടെ ജീവിത സാഹചര്യത്തെ കുറിച്ച് പുറത്തുപറയാത്തതും ഇവർക്ക് നിയമലംഘനങ്ങൾക്ക് വളമായി മാറുകയാണ്.