ബിജെപി നേതാവ് കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

Jaihind Webdesk
Monday, February 18, 2019

ബിഹാറില്‍നിന്നുള്ള ബിജെപി എംപിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്‍റെ പാര്‍ട്ടി പ്രവേശനം.

ഫെബ്രുവരി 15ന് നടത്താനിരുന്ന ചടങ്ങ് പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.

ബീഹാറിലെ ദര്‍ബംഗയില്‍നിന്ന് മൂന്നുതവണ കീര്‍ത്തി ആസാദ് ലോക്‌സഭയിലെത്തി. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേ വിമര്‍ശനമുന്നയിച്ചതിന് 2015ല്‍ പാര്‍ട്ടി അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ആരും വിമര്‍ശനത്തിന് അതീതരല്ലെന്നും തെറ്റ് ചെയ്യുന്നത് സ്വന്തം പാര്‍ട്ടിക്കാരാണെങ്കിലും ചൂണ്ടിക്കാണിക്കേണ്ടതാണെന്നും ആണ് തന്‍റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനങ്ങള്‍ പലതും പാഴ് വാക്കായത് ചൂണ്ടിക്കാട്ടി രാജ്യത്തെ കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തെ ബിജെപി അപഹസിക്കുകയാണെന്ന് ആസാദ് വിമര്‍ശിച്ചിരുന്നു.

ഓരോ സീറ്റും നിര്‍ണ്ണായകമാവുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടി മാറ്റം തിരിച്ചടിയാവും.

1983 ലെ  ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു കീര്‍ത്ത് ആസാദ്.