തൃശൂരില്‍ മദ്യം വാങ്ങാന്‍ കിലോമീറ്ററുകള്‍ നീണ്ട നിര; ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടപ്പിച്ചു

Jaihind Webdesk
Saturday, July 31, 2021

തൃശൂർ : മദ്യം വാങ്ങാനെത്തിയവരുടെ വരി ഒന്നര കിലോമീറ്ററോളം നിണ്ടതിനെ തുടര്‍ന്ന് തൃശൂര്‍ പാലിയേക്കരയിലെയും നെടുമ്പാളിലെയും ബിവവേജ് ഔട്ട്ലെറ്റുകള്‍ അധികൃതര്‍ അടപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ജില്ലയില്‍ രണ്ടിടത്ത് മാത്രമാണ് ബിവറേജസ് വില്‍പനകേന്ദ്രങ്ങള്‍ തുറന്നിരുന്നത്. ഇതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് മദ്യം വാങ്ങാന്‍ ആളുകള്‍ ഇവിടേക്ക് ഒഴുകിയെത്തുകയായിരുന്നു.

ആദ്യം തിരക്ക് അനിയന്ത്രിതമായത് പാലിയേക്കര ബിവറേജസ് ഔട്ട്ലെറ്റിലായിരുന്നു. ഇതോടെ സെക്ടറല്‍ മജിസ്ട്രേറ്റും നെന്മണിക്കര പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി ഔട്ട്ലെറ്റ് താല്‍ക്കാലികമായി പൂട്ടാന്‍ നിര്‍ദേശിച്ചു. ഇവിടെ വന്ന് മടങ്ങിയവരെല്ലാം സമീപ പഞ്ചായത്തായ പറപ്പൂക്കര പഞ്ചായത്തിലെ നെടുമ്പാളിലെ ബിവറേജസിലേക്കെത്തി. ഇതോടെ ഇവിടെയും ഒന്നര കിലോമീറ്ററിലധികം വരി നീണ്ടു.

തിക്കും തിരക്കുമായതോടെ പറപ്പൂക്കര പഞ്ചായത്ത് ഇടപ്പെട്ട് നെടുമ്പാളിലെ ബിവറേജസ് ഔട്ട്ലെറ്റും അടപ്പിച്ചു. ജില്ലയുടെ പലയിടങ്ങളിലേക്കും ഇവിടെനിന്ന് മദ്യം വാങ്ങിയെത്തിച്ച് കൂടിയ വിലയ്ക്ക് വില്‍പന നടക്കുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് തിരക്ക് നിയന്ത്രിക്കാനാവാത്ത സ്ഥിതിയായതോടെയാണ് പഞ്ചായത്ത് അധികൃതര്‍ക്ക് വില്‍പനകേന്ദ്രം അടച്ചിടേണ്ടിവന്നത്.